philipines-corona

ന്യൂഡൽഹി: ഫിലിപ്പൈൻസ് തലസ്ഥാനമായ മനിലയിലെ വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികൾ അടക്കം 400 വിദ്യാർത്ഥികളെ ഇന്ത്യൻ എംബസി നാട്ടിലെത്തിക്കും. മനിലയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയ്‌ക്കിടെ ക്വലാലംപൂരിൽ കുടുങ്ങിയ 16 മലയാളികൾ അടക്കം 210 പേരെ എയർ ഏഷ്യ വിമാനത്തിൽ കൊണ്ടുവരും.

മനിലയിൽ വിദ്യാർത്ഥികൾ കുടുങ്ങിയ വിവരം കേരളകൗമുദി അടക്കം മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം. പി ഇന്ത്യൻ സ്ഥാനപതി ജെദീപ് മജുംദാറിനെ ഫോണിൽ വിളിച്ച് സഹായം ആവശ്യപ്പെട്ടിരുന്നു. എം. പി. മാരായ കുഞ്ഞാലിക്കുട്ടിയും എൻ.കെ.പ്രേമചന്ദ്രനും പാർലമെന്റിലും വിഷയം ഉന്നയിച്ചു. തുടർന്നാണ് ഇവരെ നാട്ടിലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് എംബസി അറിയിച്ചത്. ഫിലിപ്പൈൻസിൽ നിന്നുള്ള യാത്രക്കാരെ ഇന്ത്യ വിലക്കിയതാണ് വിദ്യാർത്ഥികളെ വലച്ചത്. വിദേശികൾ ഉടൻ രാജ്യം വിടണമെന്നും മാർച്ച് 20മുതൽ വിമാനത്താവളം അടച്ചിടുമെന്നും ഫിലിപ്പെെൻസ് ഉത്തരവിട്ടതും അവരെ ആശങ്കയിലാക്കി.

മേഘാലയയിൽ നിന്ന് 31 വിദ്യാർത്ഥികളെ എത്തിക്കും


ഹോസ്‌റ്റൽ അടച്ചതിനെ തുടർന്ന് മേഘാലയ തലസ്ഥാനമായ ഷില്ലോംഗിൽ 'ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്‌സിറ്റി'യിൽ കുടുങ്ങിയ 31 മലയാളി വിദ്യാർത്ഥികളെ കൊച്ചിയിലെത്തിക്കാൻ നടപടി സ്വീകരിച്ചതായി കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി ഡോ. എ. സമ്പത്ത് അറിയിച്ചു. ഇന്ന് രാത്രി 9.15ന് എത്തുന്ന ഗുവാഹതിയിൽ നിന്നുള്ള സ്‌പൈസ്‌ജെറ്റ് വിമാനത്തിലാണ് കൊണ്ടുവരിക.
പഞ്ചാബ് കേന്ദ്ര സർവ്വകലാശാലയിലെ മലയാളികളായ 130ലേറെ വിദ്യാർത്ഥികൾക്ക് നാട്ടിലെത്താൻ റെയിൽവേ

കേരള സമ്പർക്രാന്തി എക്സ്‌പ്രസിൽ സ്‌ളീപ്പർ കോച്ചുകൾ അനുവദിച്ചു. ബി.ജെ.പി നേതാവും റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാനുമായ പി.കെ. കൃഷ്ണദാസും അടൂർ പ്രകാശ് എം.പിയും റെയിൽവേ മന്ത്രി പിയൂഷ് ഗോയലിനോട് ആവശ്യപ്പെട്ടതിന്റെ ഫലമായാണിത്.