kamalnath

 വാദം ഇന്നും തുടരും

ന്യൂഡൽഹി:മദ്ധ്യപ്രദേശിൽ നിയമസഭയുടെ വിശ്വാസം ആർക്കാണെന്ന് തീരുമാനിക്കുന്നതിൽ ഇടപെടില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, പതിനാറ് കോൺഗ്രസ് എം. എൽ. എമാരെ ബന്ദികളാക്കാൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടി.

മദ്ധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനോട് അടിയന്തരമായി വിശ്വാസ വോട്ട് തേടാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഹേമന്ത് ഗുപ്ത എന്നിവരുൾപ്പെട്ട ‌ബെഞ്ചാണ് വാദം കേട്ടത്.

ഈ എം. എൽ. എമാർക്ക് സഭയിൽ പോവുകയോ പോകാതിരിക്കുകയോ വിപ്പ് അനുസരിക്കുകയോ ചെയ്യാം. അതിന് അവർക്ക് സ്വാതന്ത്ര്യം ഉണ്ട്. പക്ഷേ, അവരെ ബന്ദികളാക്കിയെന്ന് ആരോപണം ഉയരുമ്പോൾ,​ അവർ സ്വതന്ത്രരാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. വിമത എം. എൽ. എമാരെ കോടതിയിൽ ഹാജരാക്കാമെന്ന ബി. ജെ. പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ശിവരാജ്സിംഗ് ചൗഹാന്റെ അഭിഭാഷകൻ മുഗൾ റോ‌ഹ്‌തഗിയുടെ നിർദ്ദേശം കോടതി തള്ളി. എം.എൽ.എമാർ തടങ്കലിലാണെന്ന ആശങ്ക ദൂരീകരിക്കയാണ് വേണ്ടതെന്നും കോടതി പറഞ്ഞു.

സ്വന്തം ഇഷ്‌ടപ്രകാരമാണ് ബംഗളുരുവിൽ കഴിയുന്നതെന്ന് എം. എൽ. എമാർ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ചൗഹാന്റെ അഭിഭാഷകൻ വാദിച്ചു. അവരെ ബന്ദികളാക്കിയെന്നല്ല,​ അത്തരത്തിലുള്ള ആശങ്ക ദൂരീകരിക്കണമെന്നാണ് കോടതി പറയുന്നതെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

എം. എൽ.എമാർ നേരിട്ട് ഹാജരായാൽ അവരുടെ രാജിക്കാര്യത്തിൽ തീരുമാനം എടുക്കുമോ എന്ന് കോടതി മദ്ധ്യപ്രദേശ് സ്പീക്കറോട് ചോദിച്ചു. ഇക്കാര്യത്തിൽ സ്പീക്കർ ഉടൻ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി വിധിയുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ സ്പീക്കറുടെ വിവേചനാധികാരം വെട്ടിക്കുറയ്ക്കാൻ പറ്റില്ലെന്നായിരുന്നു സ്പീക്കറുടെ അഭിഭാഷകന്റെ മറുപടി. എം. എൽ. എമാർ സ്പീക്കർക്ക് മുമ്പിൽ നേരിട്ട് ഹാജരാകില്ലെന്നും അത് അവരുടെ സുരക്ഷിതത്വത്തെ ബാധിക്കുമെന്നും എം. എൽ. എമാരുടെ അഭിഭാഷകൻ ബോധിപ്പിച്ചു.

വാദം ഇന്ന് തുടരും.

കമൽനാഥിന് അധികാര ഭ്രാന്താണ്. വിശ്വാസ വോട്ട് വൈകിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ജനാധിപത്യത്തെയോ ഭരണഘടനയെയോ പറ്റി പറയാൻ കോൺഗ്രസിന് അവകാശമില്ല. അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസ് ചെയ്തത് എല്ലാവർക്കും അറിയാമെന്നും റോഹ്‌ത്തഗി പറഞ്ഞു.

കോൺഗ്രസ് എം.എൽ.എമാരെ തട്ടിക്കൊണ്ടു പോയ ശേഷം വിശ്വാസ വോട്ട് തേടണമെന്നാണ് ബി.ജെ.പി ആവശ്യപ്പെടുന്നതെന്ന് കോൺഗ്രസിന്റെ അഭിഭാഷകൻ ദുഷ്യന്ത് ദവേ വാദിച്ചു. മസിൽപവർ കാട്ടി ജനാധിപത്യ സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുന്നു. സർക്കാരിന് ഭൂരിപക്ഷമില്ലെന്ന് ഗവർണർ ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നു. ഇത് ഭരണഘടനാ വിരുദ്ധമാണ്. കേസ് ഭരണഘടന ബെഞ്ചിലേക്ക് വിടണം. ബെഞ്ചിന്റെ തീർപ്പ് വരുന്നതുവരെ ഉത്തരവിറക്കരുതെന്നും ദവേ വാദിച്ചു.