parliment

മാസ്ക് ധരിച്ച് തൃണമൂൽ എം.പിമാർ

ന്യൂഡൽഹി: കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ പാർലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനം നേരത്തെ അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷം രാജ്യസഭയിൽ ആവശ്യപ്പെട്ടു. ഡെറിക് ഒബ്രിയാൻ, സുഖേന്ദുശേഖർ റോയ് എന്നിവർ ഉൾപ്പെടെയുള്ള തൃണമൂൽ അംഗങ്ങൾ മാസ്ക് ധരിച്ചാണ് സഭയിലെത്തിയത്. എന്നാൽ ചട്ടപ്രകാരം മാസ്കുകൾ ധരിച്ച് സഭയിലിരിക്കാനാകില്ലെന്നും നീക്കം ചെയ്യണമെന്നും അല്ലെങ്കിൽ പുറത്തുപോകണമെന്നും വെങ്കയ്യനായിഡു ആവശ്യപ്പെട്ടു. എന്നാൽ മാസ്കുകൾ ധരിച്ച് അംഗങ്ങൾ സഭയിൽ തുടർന്നു. വിഷയത്തിൽ ഇടപെട്ട മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം മാസ്ക് ധരിച്ചവരോട് പുറത്തുപോകാൻ നിർദ്ദേശിച്ചത് ശരിയില്ലെന്ന് പറഞ്ഞതിനെതുടർന്ന് മാസ്ക് ധരിക്കാൻ ചെയർമാൻ അനുമതി നൽകി.

ഇതിനിടെ കൊറോണ പശ്ചാത്തലത്തിൽ പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കണമെന്ന് കോൺഗ്രസ് എം.പി രാജീവ് ഗൗഡ ആവശ്യപ്പെട്ടു. മറ്റു പ്രതിപക്ഷാംഗങ്ങളും നിർദ്ദേശത്തെ പിൻതാങ്ങി. സമൂഹസമ്പർക്കം ഒഴിവാക്കണമെന്നും, രാജ്യസഭയിൽ പ്രായമേറിയ അംഗങ്ങൾ നിരവധിയുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. മാസ്‌കുകളുടെയും സാനിറ്റൈസറുകളുടെയും ലഭ്യതകുറവും വിലക്കയറ്റവും തടയാൻ കേന്ദ്രം നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും സമ്മേളനം തുടരുമെന്ന നിലപാടാണ് സർക്കാർ എടുത്തത്.