justice-arun-mishra

ന്യൂഡൽഹി: ഈ കലിയുഗത്തിൽ വൈറസുമായി യുദ്ധം ചെയ്യാൻ നമുക്ക് സാധിക്കില്ലെന്നും കൊറോണയെ തടയാൻ ഒരോരുത്തരും വ്യക്തിപരമായി പോരാടണമെന്നും ജസ്റ്റിസ് അരുൺ മിശ്ര.

തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കോടതി മുറിയിൽ അഭിഭാഷകർ കൂട്ടമായി എത്തരുതെന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പടെ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇന്നലെയും കോടതിമുറി ആൾക്കൂട്ടത്താൽ നിറഞ്ഞതോടെയാണ് മുതിർന്ന അഭിഭാഷകൻ സി.എ. സുന്ദരവുമായി സംവദിക്കവെ ജസ്റ്റിസുമാരായ അരുൺ മിശ്ര, എം.ആർ. ഷാ എന്നിവരടങ്ങിയ ബെഞ്ച് ഇങ്ങനെ പ്രതികരിച്ചത്.

'എത്ര നിസഹായരാണ് മനുഷ്യരെന്ന്‌ നോക്കൂ. ആയുധങ്ങളോ സാങ്കേതിക വിദ്യയോ ഉപയോഗിച്ചിട്ടും വൈറസിനെ നേരിടാൻ കഴിയില്ലെന്ന് തെളിയിച്ചു കഴിഞ്ഞു. നാം ഓരോരുത്തരും സ്വന്തംനിലയ്ക്കും യുദ്ധം ചെയ്‌തേ മതിയാകൂ. നമുക്ക് സർക്കാർതലത്തിൽ ഇതിനെതിരെ യുദ്ധം ചെയ്യാനാകില്ല. ഓരോരുത്തരും അവനവനുവേണ്ടി നിലകൊള്ളേണ്ട സമയമാണിത്"- ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. ശക്തർ ദുർബലരെ അതിജീവിക്കുന്നുവെന്ന പ്രക്രിയയാണ് നടക്കുന്നതെന്ന് ചാൾസ് ഡാർവിന്റെ തിയറി ഒഫ് നാച്ചുറൽ സെലക്ഷനെ പരമാർശിച്ച് എ. സുന്ദരം പറഞ്ഞു. 'മരണനിരക്ക് വർദ്ധിച്ചിരിക്കുന്നു. ഭൂമിക്ക് ഇത് കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന്‌തോന്നുന്നില്ല. വയോധികർ കൊറോണയുടെ ഇരകളാകുന്നതിന് കാരണമുണ്ട്.' -സുന്ദരം കൂട്ടിച്ചേർത്തു.