ന്യൂഡൽഹി: കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെ, രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായി മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി സത്യപ്രതിജ്ഞ ചെയ്തു. 'ഷെയിം, ഷെയിം" മുദ്രാവാക്യം മുഴക്കി എസ്.പി ഒഴികെയുള്ള പ്രതിപക്ഷ അംഗങ്ങൾ വാക്കൗട്ട് നടത്തി. സത്യപ്രതിജ്ഞയ്ക്കിടെയുള്ള അസാധാരണ പ്രതിഷേധത്തിൽ രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡുവും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും അതൃപ്തി രേഖപ്പെടുത്തി. എതിർത്തവർ വൈകാതെ തന്നെ സ്വാഗതം ചെയ്യുമെന്ന് ഗോഗോയി പിന്നീട് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

ബുധനാഴ്ചയാണ് ഗുവാഹത്തിയിൽ നിന്ന് ഗോഗോയി ഡൽഹിയിലെത്തിയത്. രാവിലെ 11ന് സഭ ആരംഭിച്ചപ്പോൾ ഗോഗോയിയെ സത്യപ്രതി‌ജ്ഞയ്ക്ക് ചെയർമാൻ ക്ഷണിച്ചു. ഉടൻ പ്രതിപക്ഷം പ്രതിഷേധമുയർ‌ത്തി.

'ഷെയിം ഓൺ യു, ഡീൽ" തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴങ്ങി. ഗോഗോയിയുടെ സത്യപ്രതിജ്ഞ തീരും മുമ്പേ പ്രതിപക്ഷം സഭവിട്ടിറങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ സഭയിലുണ്ടായിരുന്നു. സഭയിൽ ചില ചട്ടങ്ങളുണ്ടെന്നും പ്രതിപക്ഷം ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും ചെയർമാൻ വെങ്കയ്യ നായിഡു പറഞ്ഞു.
രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്ന ആദ്യ മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആണ് ഗോഗോയ്. മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ കെ.ടി.എസ് തുൾസി വിരമിച്ച ഒഴിവിലാണ് രാഷ്ട്രപതി, ഗോഗോയിയെ നോമിനേറ്റ് ചെയ്തത്. അയോദ്ധ്യ, റാഫേൽ തുടങ്ങിയ സുപ്രധാന കേസുകളിൽ വിധി പറഞ്ഞ രഞ്ജൻ ഗോഗോയി നവംബർ 17നാണ് വിരമിച്ചത്.
ഗോഗോയിയുടെ എം.പി സ്ഥാനം ജുഡിഷ്യറിയുടെ സ്വാതന്ത്ര്യത്തെയും നിഷ്പക്ഷതയെയും ചോദ്യം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷവും മുൻ സുപ്രീംകോടതി ജഡ്ജിമാരും രംഗത്തെത്തിയിരുന്നു.