nirbhaya-case-

ന്യൂഡൽഹി :രാജ്യത്തെ ഞെട്ടിച്ച നിർഭയ കേസിലെ നാല് പ്രതികൾ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ നടത്തിയ അവസാനശ്രമങ്ങളും പരാജയപ്പെട്ടതോടെ പ്രതികളെ തൂക്കിലേറ്റി. നേരത്തെ പ്രതികളുടെ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണക്കോടതിയെയും ഡൽഹി ഹൈക്കോടതിയെർും പ്രതികൾ സമീപിച്ചിരുന്നെങ്കിലും ഹർജികൾ തള്ളിയിരുന്നു.. തുട‌ർന്ന് ഇന്നലെ രാത്രി 12ഓടെ പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു, പ്രതികളുടെ വാദങ്ങളിൽ കഴമ്പില്ലെന്ന് കണ്ട് ഹർജി തള്ളുകയായിരുന്നു.ഹർജി നിലനിൽക്കാൻ ഒരു കാരണവും കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുലർച്ചെ മൂന്നരയോടെ ജസ്റ്റിസ് ആര്‍. ഭാനുമതി, ജസ്റ്റിസ് ബൊപ്പണ്ണ, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് വിധി പ്രസ്താവിച്ചത്..ദയാഹർജി തള്ളിയ രാഷ്ട്രപതി‌യുടെ അധികാരത്തിൽ ഇടപെടാനാവില്ലെന്നും കോ‌ടതി വ്യക്തമാക്കി. തു‌‌ടർന്ന് പുലർച്ചെ അഞ്ചരയോടെ നാലു പ്രതികളെയും തൂക്കിലേറ്റുകയായിരുന്നു. നിർഭയയുടെ മാതാപിതാക്കളും കോടതിക്ക് മുന്നിൽ എത്തിയിരുന്നു.

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ജയിലായ തീഹാറിൽ ആദ്യമായാണ് നാല് പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റുന്നത്. നാല് പ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റാനുള്ള സജീകരണങ്ങൾ ജനുവരി ആദ്യം തന്നെ തീഹാറിൽ ഒരുക്കിയിരുന്നു. രണ്ട് ദിവസം മുൻപ് ഉത്തർപ്രദേശിലെ മീററ്റ് ജില്ലാ ജയിലിലെ ആരാച്ചാർ പവൻ ജല്ലാദ് (59) തീഹാറിൽ എത്തി ഡമ്മി പരീക്ഷണം നടത്തി. പ്രതികളുടെ മൃതദേഹങ്ങൾ രാവിലെ പത്തര വരെ ബന്ധുക്കൾ ഏറ്രെടുത്തില്ലെങ്കിൽ ജയിൽ അധികൃതർ തന്നെ അടക്കം ചെയ്യും.


വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ഇന്നലേയും പ്രതികൾ തീവ്രശ്രമം നടത്തി. പ്രതികളായ മുകേഷ് കുമാർ സിംഗ് , വിനയ് കുമാർ ശർമ, പവൻ കുമാർ ഗുപ്ത എന്നിവർ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഇന്നലെ പാട്യാല കോടതി അഡി. സെഷൻസ് ജഡ്ജ് ധർമേന്ദ്ര റാണ തള്ളി. സംഭവം നടന്നപ്പോൾ താൻ ഡൽഹിയിലുണ്ടായിരുന്നില്ല എന്ന മുകേഷിന്റെ ഹർജി, രാഷ്ട്രപതിക്ക് രണ്ടാമതും നൽകിയ ദയാഹർജി തള്ളിയതിനെതിരെ നൽകിയ പുനഃപരിശോധനാ ഹർജികൾ എന്നിവ ജസ്റ്റിസുമാരായ ആർ. ഭാനുമതി, അശോക് ഭൂഷൺ, എ.എസ്. ബൊപ്പണ്ണ എന്നിവരുൾപ്പെട്ട ബെഞ്ച് കൂടി തള്ളിയോടെ പ്രതികൾക്ക് നിയമപരമായ അവകാശങ്ങൾ ഒന്നും ബാക്കിയില്ലെന്ന് കോടതി വിലയിരുത്തി. തുടർന്നാണ് മാർച്ച് 5ന് പാട്യാല കോടതി പുറപ്പെടുവിച്ച മരണവാറണ്ടുമായി ജയിൽ അധികൃതർ മുന്നോട്ട് പോയത്.

പ്രതികളെ തൂക്കിലേറ്റാതെ രാജ്യം കടത്തിവിടൂവെന്ന അവസാന അടവുമായി പ്രതികളുടെ അഭിഭാഷകൻ എ.പി. സിംഗ് കോടതിയെ സമീപിച്ചെങ്കിലും മരണ വാറണ്ടുമായി മുന്നോട്ട് പോകാൻ പാട്യാല കോടതി നിർദേശിക്കുകയായിരുന്നു. പ്രതികളെ തൂക്കിക്കൊന്നതുകൊണ്ട് ഇരയുടെ മാതാപിതാക്കൾക്ക് നീതി കിട്ടില്ലെന്ന സുപ്രീം കോടതി മുൻ ജഡ്ജി കുര്യൻ ജോസഫിന്റെ പ്രസ്താവനയും വാദമായി എ.പി. സിംഗ് കോടതിയിൽ ഉന്നയിച്ചിരുന്നു.