ayurveda

ന്യൂഡൽഹി: ഗുജറാത്തിലെ ജാംനഗറിൽ ദേശീയ പ്രാധാന്യമുള്ള ആയുർവേദ പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കാനുള്ള 'ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടീച്ചിംഗ് ആൻഡ് റിസർച്ച് ഇൻ ആയുർവേദ ബിൽ" ലോക്‌സഭ പാസാക്കി.

ഗുജറാത്ത് ആയുർവേദ സർവകലാശാല കാമ്പസിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പോസ്റ്റ് ഗ്രാഡ്വേറ്റ് ടീച്ചിംഗ് ആൻഡ് റിസർച്ച് ഇൻ ആയുർവേദ, ശ്രീ ഗുലാബ് കുൻവർബ ആയുർവേദ മഹാവിദ്യാലയ, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയുർവേദ ഫാർമസ്യൂട്ടിക്കൽ സയൻസസ് എന്നീ സ്ഥാപനങ്ങൾ സംയോജിപ്പിച്ചാണ് പുതിയ സ്ഥാപനം.

കേരളത്തിലെ ആയുർവേദ മേഖലയെ കേന്ദ്രം അവഗണിക്കരുതെന്ന് കേരള എം.പിമാർ ആവശ്യപ്പെട്ടു. ബില്ല് ഒരേസമയം സ്വാഗതാർഹവും നിരാശാജനകവുമാണെന്ന് ശശിതരൂർ പറഞ്ഞു. ഗുജറാത്തിന് നൽകുന്ന പരിഗണന കേരളത്തിനും നൽകണം. കേരളത്തിൽ 1400ഓളം ആയുർവേദ വ്യവസായ സ്ഥാപനങ്ങളുണ്ട്. ആയുർവേദ വികസനത്തിന്റെ എൻജിൻ കേരളമാണ്. ജാംനഗറിലെ ആയുർവേദ കോളേജിനെക്കാൾ വർഷങ്ങൾക്ക് മുമ്പ്, 1882ൽ സ്ഥാപിച്ചതാണ് തിരുവനന്തപുരം ആയുർവേദ മെഡിക്കൽ കോളേജ്. ഈ സ്ഥാപനത്തെ ദേശീയ പ്രധാന്യമുള്ള സ്ഥാപനമായി ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവനന്തപുരം മേഖലാ ആയുർവേദ ഗവേഷണ കേന്ദ്രത്തെ ദേശീയ പ്രാധാന്യമുളള സ്ഥാപനമായി പ്രഖ്യാപിക്കണമെന്നും കേരളത്തിൽ ദേശീയ ഔഷധ സസ്യ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു.

ദേശീയ ഔഷധസസ്യ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനാവശ്യമായ സ്ഥലം കൊല്ലം ജില്ലയിൽ നൽകാൻ തയ്യാറാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

ആയുർവേദ ചികിത്സാ മേഖലയിലെ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കുമായി അന്താരാഷ്ട്ര നിലവാരമുള്ള ചികിത്സാ കേന്ദ്രം കോഴിക്കോട് സ്ഥാപിക്കണമെന്ന് എം.കെ. രാഘവൻ എം.പി ആവശ്യപ്പെട്ടു.