corona-virus

ന്യൂഡൽഹി:കൊറോണ വ്യാപനം തടയാനുള്ള നടപടികളുടെ ഭാഗമായി ഇന്ത്യയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാന സർവ്വീസുകളും റദ്ദാക്കിയതുൾപ്പെടെ കർശന നിയന്ത്രണങ്ങൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഈ മാസം 22 മുതൽ 29 വരെയാണ് വിമാന വിലക്ക്.

കൊറോണ വൈറസ് രാജ്യത്ത് അപകടകരമായ മൂന്നാം ഘട്ടമായ സാമൂഹ്യ വ്യാപനത്തിന്റെ വക്കിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണിത്. സമൂഹവ്യാപനം ഉണ്ടായാൽ നിയന്ത്രിക്കുക ബുദ്ധിമുട്ടായിരിക്കും.

അതിനാലാണ് കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കുന്നത്.

നിയന്ത്രണങ്ങൾ ഇങ്ങനെ:
 65 വയസിനു മുകളിൽ പ്രായമുള്ളവരും പത്തു വയസിനു താഴെയുള്ള കുട്ടികളും പുറത്തിറങ്ങുന്നത് തടയാൻ സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണം


പൊതുപ്രവർത്തകർ, സർക്കാർ ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ എന്നിവരൊഴികെ മുതിർന്ന പൗരൻമാർ വീട്ടിന് വെളിയിലിറങ്ങുന്നത് നിയന്ത്രിക്കാനാണ് നിർദ്ദേശം.

വിമാനങ്ങളിലും ട്രെയിനുകളിലും വിദ്യാർത്ഥികൾ, രോഗികൾ, ഭിന്നശേഷിക്കാർ എന്നിവരൊഴികെയുള്ളവർക്ക് യാത്രാ ഇളവില്ല.

ഇതുമുതൽ മുതിർന്ന പൗരൻമാർക്കുള്ള ഇളവും റെയിൽവേ നിറുത്തലാക്കും. നേരത്തെ ബുക്കു ചെയ്‌ത ടിക്കറ്റുകളിൽ അധിക നിരക്ക് ഈടാക്കില്ല.

 78 ട്രെയിനുകൾ റദ്ദാക്കി. ആകെ റദ്ദാക്കിയത് 155

അടിയന്തര, അവശ്യ മേഖലകളിൽ ഒഴികെ സ്വകാര്യ മേഖലയിൽ വീട്ടിലിരുന്ന് ജോലി ചെയ്യാൻ സംസ്ഥാന സർക്കാരുകൾ ഉത്തരവിടണം.

കേന്ദ്രസർക്കാർ ഓഫീസുകളിൽ തിരക്ക് കുറയ്‌ക്കാനും വൈറസ് വ്യാപന സാദ്ധ്യത കുറയ്ക്കാനും അമ്പതു ശതമാനം കേന്ദ്ര സർക്കാർ ജീവനക്കാർ വീട്ടിലിരുന്ന്‌ ജോലി ചെയ്യണം

കേന്ദ്രസർക്കാരിന്റെ ഗ്രൂപ്പ് ബി, സി ജീവനക്കാർ ഒന്നിടവിട്ട
ആഴ്ചകളിൾ ഓഫീസിൽ എത്തിയാൽ മതി. ഇവരുടെ ജോലി സമയം ക്രമീകരിക്കണം.
രാജ്യത്തിന്റെ എല്ലാ അതിർത്തികളും അടച്ചിടും