madhyapradesh-election

വിമതർക്കും പങ്കെടുക്കാം

ന്യൂഡൽഹി: മദ്ധ്യപ്രദേശിൽ രാഷ്‌ട്രീയ അനിശ്ചിതത്വം തുടരാനാവില്ലെന്നും കമൽനാഥിന്റെ കോൺഗ്രസ് സർക്കാർ ഇന്ന് തന്നെ വിശ്വാസ വോട്ട് തേടണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. വൈകിട്ട് അഞ്ചിനകം വോട്ടെടുപ്പ് പൂർത്തിയാക്കണമെന്നും ജസ്റ്റിസ്‌മാരായ ഡി.വൈ. ചന്ദ്രചൂഢ്, ഹേമന്ത് ഗുപ്ത എന്നിവരുൾപ്പെട്ട ബെഞ്ച് ഉത്തരവിട്ടു.

വിശ്വാസ വോട്ടെടുപ്പ് ഈ മാസം 26ന് നടത്താനായിരുന്നു സ്പീക്കർ തീരുമാനിച്ചിരുന്നത്. സുപ്രീംകോടതി അത് ആറ് ദിവസം നേരത്തേ ആക്കിയിരിക്കയാണ്. ഇതോടെ, പതിനാറ് വിമത കോൺഗ്രസ് എം. എൽ. എമാരുടെ രാജിക്കാര്യത്തിൽ സ്പീക്കറുടെ തീരുമാനം വരും മുമ്പേ വിശ്വാസ വോട്ട് നടക്കും.

സർക്കാരിന് സഭയിൽ ഭൂരിപക്ഷമുണ്ടോ എന്ന് തീരുമാനിക്കാനുള്ള ഏക മാർഗ്ഗം വിശ്വാസ വോട്ടെടുപ്പാണെന്ന് ബൊമ്മൈ കേസിലെ ഒൻപതംഗ ബെഞ്ചിന്റെ വിധി ഉദ്ധരിച്ച് ജസ്റ്റിസ് ചന്ദ്രചൂഢ് ചൂണ്ടിക്കാട്ടി.

കമൽനാഥ് സർക്കാരിനോട് അടിയന്തരമായി വിശ്വാസ വോട്ട് തേടാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നൽകിയ ഹർജിയിലാണ് ഉത്തരവ്.

കൊറോണ മൂലം 26ലേക്ക് മാറ്റിയ നിയമസഭാ സമ്മേളനം വിശ്വാസ വോട്ടെടുപ്പിനായി നാളെ വിളിച്ച് ചേർക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.

കോടതിയുടെ നിർദ്ദേശങ്ങൾ

വിശ്വാസ വോട്ടെടുപ്പ് മാത്രമായിരിക്കണം സമ്മേളനത്തിന്റെ അജണ്ട

അംഗങ്ങൾ കൈ ഉയർത്തി പിന്തുണ അറിയിക്കണം

നടപടികൾ പൂർണമായി വീഡിയോയിൽ പകർത്തണം.

സാദ്ധ്യമെങ്കിൽ തത്സമയം സംപ്രക്ഷണം ചെയ്യണം

വിമത എം.എൽ.എമാർക്ക് സമ്മേളനത്തിൽ പങ്കെടുക്കാൻ സുരക്ഷ നൽകണം

കോടതി സമയം കഴിഞ്ഞും വാദം

മൂന്ന് ദിവസത്തെ വാദപ്രതിവാദങ്ങൾക്ക് ശേഷം ഇന്നലെ വൈകിട്ട് 6.15നാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. 'നിയമസഭ നിറുത്തിവയ്ക്കുകയും സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടുകയും ചെയ്താൽ എന്താണ് ചെയ്യേണ്ടത്? ഗവർണർക്ക് നിയമസഭ വിളിച്ചുകൂട്ടാൻ കഴിയില്ലേ? അത് ചെയ്യുന്നില്ലെങ്കിൽ ന്യൂനപക്ഷ സർക്കാർ തുടരുകയാണെന്ന് വേണ്ടേ മനസിലാക്കാൻ? അതിനാൽ എത്രയും വേഗം നിയമസഭ സമ്മേളനം കൂടണം - കോടതി ആവശ്യപ്പെട്ടു.

വിശ്വാസവോട്ടെടുപ്പിന് രണ്ടാഴ്ച വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ മതിയായ സുരക്ഷയില്ലാതെ ഭോപ്പാലിലേക്ക് തിരികെ വരില്ലെന്നായിരുന്നു 22 വിമത എം.എൽ.എമാരുടെ നിലപാട്. അങ്ങനെ വന്നാൽ കോൺഗ്രസ് തങ്ങളെ സമ്മർദ്ദത്തിലാക്കുമെന്നും രാജി പിൻവലിക്കാൻ നിർബന്ധിക്കുമെന്നും എം.എൽ.എമാർ പറയുന്നു.

ഇതോടെ കൂടുതൽ സമയം അനുവദിക്കാൻ ആകില്ലെന്ന് കോൺഗ്രസിനെ അറിയിച്ച കോടതി ഭരണപ്രതിസന്ധി എത്രയും വേഗം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.

വീഡിയോ കോൺഫറൻസിംഗിലൂടെ സ്പീക്കർക്ക് എം.എൽ.എമാരോട് സംസാരിക്കാമോ എന്ന് സുപ്രീംകോടതി ചോദിച്ചു. ഇത് നിരീക്ഷിക്കാൻ കോടതി ഒരാളെ നിയോഗിക്കാമെന്നും പറഞ്ഞു. എന്നാൽ ആശയം പ്രായോഗികമാകില്ലെന്ന് സ്പീക്കറുടെ അഭിഭാഷകൻ മനു അഭിഷേക് സിംഗ്‌വി വാദിച്ചു. ഇനിയും സമയം അനുവദിച്ചാൽ കുതിരക്കച്ചവട സാദ്ധ്യത വർദ്ധിക്കുമെന്ന് അറിയിച്ച കോടതി ഇന്ന് തന്നെ വിശ്വാസവോട്ടെടുപ്പ് നിർദ്ദേശിക്കുകയായിരുന്നു .