ന്യൂഡൽഹി: പഞ്ചാബിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചതോടെ ഇന്ത്യയിൽ കൊറോണ മരണം നാലായി. ഇന്ത്യയിൽ ആദ്യമായി പഞ്ചാബിൽ പൊതുഗതാഗതം പൂർണമായി നിറുത്തി വച്ചു.
ഇറാനിൽ രോഗം ബാധിച്ച ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു. ചെന്നൈയിൽ യു.പി സ്വദേശിക്ക് രോഗംബാധിച്ചത് സമൂഹവ്യാപനമല്ലെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു.
ഛത്തീസ്ഗഡിൽ ആദ്യ കോറോണ കേസ് റിപ്പോർട്ട് ചെയ്‌തു. ബ്രിട്ടനിൽ നിന്ന് മടങ്ങിയ 23കാരിക്കാണ് രോഗം. കേരളത്തിൽ കാസർഗോഡിന് പുറമെ ആന്ധ്രപ്രദേശ്, നോയിഡ, ഗുഡ്‌ഗാവ്, മഹാരാഷ്‌ട്ര, കർണാടകയിലെ കുടക് എന്നിവിടങ്ങളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഇതോടെ രാജ്യത്ത് രോഗികൾ 174ആയി.
രണ്ടാഴ്‌ച മുമ്പ് ജർമ്മനിയിലും ഇറ്റലിയിലും യാത്ര ചെയ്‌ത 70കാരനാണ് പഞ്ചാബിൽ മരിച്ചത്. ഗുഡ്ഗാവിൽ നേരത്തെ രോഗം സ്ഥിരീകരിച്ച ആളിന്റെ ഭാര്യയ്‌ക്കും ബ്രിട്ടനിൽ പഠിക്കുന്ന 22കാരിക്കുമാണ് പോസിറ്റീവായത്. ആന്ധ്രയിൽ ലണ്ടനിൽ പോയ ആളിനാണ് രോഗം. കുടകിൽ രോഗം സ്ഥിരീകരിച്ചയാൾ അടുത്തിടെ സൗദിയിൽ പോയിരുന്നു. മഹാരാഷ്‌ട്രയിൽ ബ്രിട്ടനിൽ നിന്നു വന്ന 22കാരിക്കും ദുബായിൽ നിന്നു വന്ന 49കാരനുമാണ് രോഗം.
പഞ്ചാബിൽ പൊതുഗതാഗതം
പൂർണമായി നിറുത്തി
പഞ്ചാബിൽ ഇന്നുമുതൽ പൊതുഗതാഗതം പൂർണമായി നിറുത്തും. ബസുകൾ, ഓട്ടോറിക്ഷകൾ, ടെമ്പോ തുടങ്ങിയവയൊന്നും ഓടില്ല. അന്തർ സംസ്ഥാന ബസുകൾക്കും നിയന്ത്രണമുണ്ട്. ഹോട്ടലുകളും റസ്‌റ്റാറന്റുകളും അടച്ചിടും. 20പേരിലേറെ കൂടുന്നത് വിലക്കി. മാർച്ച് 31വരെ പരീക്ഷകളും ക്ളാസുകളും റദ്ദാക്കി. അദ്ധ്യാപകരും വീട്ടിലിരിക്കണം.
ഏറ്റവും കൂടുതൽ രോഗബാധയുള്ള മഹാരാഷ്‌ട്രയിലും ജനങ്ങളോട് വീട്ടിൽ ഇരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ഡൽഹിയിൽ കൂടുതൽ നിയന്ത്രണം
ഹോട്ടലുകൾ അടച്ചിടും. സാംസ്‌കാരിക, മത, വിദ്യാഭ്യാസ പരിപാടികളും സെമിനാറുകളും സമ്മേളനങ്ങളും വിലക്കി. പലവ്യഞ്ജനങ്ങളും മരുന്നും വിൽക്കുന്ന കടകൾ ഒഴികെയുള്ള മാർക്കറ്റുകൾ അടച്ചിടും. എല്ലാ വിദ്യാലയങ്ങളും അടിച്ചിടും. പരീക്ഷകൾ നിറുത്തിവയ്‌ക്കും. വിദേശത്തു നിന്ന് വരുന്നവരെ തിരിച്ചറിയാൻ ക്വാറന്റൈൻ മുദ്ര പതിക്കും. സ്വയം നിരീക്ഷണത്തിൽ വീടുകളിൽ കഴിയാത്തവർക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.
കർണാടക, പഞ്ചാബ് സർക്കാരുകളും ക്വാറന്റൈൻ മുദ്ര പതിക്കും. മഹാരാഷ്ട്രയിലാണ് തുടക്കമിട്ടത്.
പൊതുഗതാഗതം കുറയ്ക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര നിർദ്ദേശം
സി.ബി.എസ്.ഇയ്‌ക്കു പുറമെ ഐ.സി.എസ്.ഇയും 10, 12 ക്ളാസ് പരീക്ഷകൾ റദ്ദാക്കി.
രാജസ്ഥാനിൽ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്ക് മാർച്ച് 31 വരെ അവധി
തിരുപ്പതി ക്ഷേത്രം അടച്ചു. പൂജകൾ തുടരും.
പുരി ജഗന്നാഥ ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് പ്രവേശനമില്ല.
സ്‌റ്റാഫ് സെലക്‌ഷൻ കമ്മിഷൻ മാർച്ച് 31വരെയുള്ള റിക്രൂട്ടിംഗ് മാറ്റിവച്ചു
ഇറ്റലിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ എയർഇന്ത്യ ഞായറാഴ്‌ച എത്തിക്കും
ഡൽഹി, മുംബയ്, ഗുജറാത്ത് കത്തോലിക്ക പള്ളികളിൽ പൊതുചടങ്ങുകൾ ഒഴിവാക്കി.
സ്‌പൈസ് ജെറ്റ് അന്താരാഷ്‌ട്ര സർവ്വീസുകൾ ഏപ്രിൽ 30വരെ റദ്ദാക്കി.
എയർ വിസ്‌താര അന്താരാഷ്‌ട്ര സർവ്വീസുകൾ മാർച്ച് 31വരെ നിറുത്തി.
മോസ്‌കോ, കാഠ്‌മണ്ഡു, ടെഹ്‌റാൻ എന്നിവിടങ്ങളിലെ കേന്ദ്രീയ വിദ്യാലയങ്ങൾ അടച്ചു.