delhi

ന്യൂഡൽഹി: കലാപത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഡി.എൻ.എ പരിശോധന നടത്താൻ കോടതിയിൽ നിന്നുള്ള ഉത്തരവ് കാത്തിരിക്കേണ്ടെന്ന് ഫോറൻസിക് സയൻസ് ലബോറട്ടറിയോട് ഡൽഹി ഹൈക്കോടതി നിർദേശിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി നടത്തുന്ന ഡി.എൻ.എ പരിശോധന അടിയന്തിരമായി പരിഗണിക്കണമെന്ന് ജസ്റ്റിസ് നവീൻ ചാവ്‌ല ഉത്തരവിട്ടു.

ഫെബ്രുവരി 25 മുതൽ മകനെ കാണാതായ സാജിദ് അലിയാണ് ഡി.എൻ.എ പരിശോധനക്ക് അനുമതി തേടി കോടതിയിൽ ഹർജി നൽകിയത്. കത്തിക്കരിഞ്ഞ നിലയിൽ 27 ന് ഒരു മൃതദേഹം ലഭിച്ചിരുന്നു. ഇത് സാജിദ് അലിയുടെ മകനാണെന്ന സംശയമുണ്ടായിരുന്നു. എന്നാൽ, ഡി.എൻ.എ പരിശോധനയിലൂടെ മാത്രമേ മൃതദേഹം തിരിച്ചറിയാനാകൂ എന്നതിനാൽ മാർച്ച് 3 ന് സാമ്പിളുകളെടുത്തു. അതിന് ശേഷം നടപടിയൊന്നും ഉണ്ടായില്ല.

ഫോറൻസിക് സയൻസ് ലബോറട്ടറിയും ഡൽഹി സർക്കാറും കോടതിയുടെ അനുമതി കാത്തിരിക്കുകയാണെന്നാണ് കോടതിയിൽ അറിയിച്ചത്. സാജിദ് അലിയുടെ മകന്റെ മൃതദേഹമല്ല ലഭിച്ചതെന്നാണ് പരിശോധനഫലമെങ്കിൽ കാണാതായ മകനുവേണ്ടി അന്വേഷണം നടത്താനുള്ള അദ്ദേഹത്തിന്റെ സമയമാണ് നഷ്ടപ്പെടുകയെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം കേസുകൾക്ക് മുൻഗണന കൊടുക്കണമെന്നും കോടതി പറഞ്ഞു. ഉടനെ പരിശോധനയ്ക്ക് തയാറാണെന്ന് ലാബ് അധികൃതർ കോടതയിൽ അറിയിച്ചു. എന്നാൽ, ഫലം ലഭിക്കാൻ 15 ദിവസത്തെ സമയമെടുക്കും.