ന്യൂഡൽഹി:വധശിക്ഷക്ക് മുൻപുള്ള രാത്രി ഉറക്കമില്ലാത്ത നിമിഷങ്ങളായിരുന്നു പ്രതികൾക്ക് സമ്മാനിച്ചതെന്ന് ജയിൽ അധികൃതർ പറയുന്നു. രാത്രി വൈകിയും തങ്ങളുടെ അഭിഭാഷകൻ എ.പി. സിംഗ് തൂക്കുകയറിൽ നിന്ന് രക്ഷിക്കാൻ കോടതി കയറുന്ന വിവരം പൊലീസുകാരിൽ നിന്ന് അറിഞ്ഞ പ്രതികൾ മരിക്കുന്നത് മണിക്കൂറുകൾക്ക് മുൻപും പ്രതീക്ഷയോടെ കാത്തിരുന്നു.ഒരു രാത്രി മുഴുവൻ ഉറക്കമില്ലാതെയാണ് നാല് പേരും കഴിഞ്ഞത്.
അത്താഴവും ഉപേക്ഷിച്ചു. പുലർച്ചെ 3.30ന് പ്രതികളെ വിളിച്ചു. മതഗ്രന്ഥം വായിക്കാനോ ഇഷ്ടഭക്ഷണം അടങ്ങിയ പ്രാതൽ കഴിക്കാനോ പ്രതികൾ കൂട്ടാക്കിയില്ല. കുളിക്കാൻ ആവശ്യപ്പെട്ടെങ്കിലും ആരും കുളിച്ചില്ല. തലേ ദിവസം രാത്രി ധരിച്ച വസ്ത്രങ്ങൾ തന്നെയാണ് തൂക്കിലേറ്റുന്ന സമയത്തും പ്രതികൾ ധരിച്ചിരുന്നത്. കുടുംബാംഗങ്ങളെ കാണണമെന്ന ആഗ്രഹം പ്രതികൾ പ്രകടിപ്പിച്ചിരുന്നു. ജയിലിന് പുറത്ത് അവർ കാത്ത് നിന്നെങ്കിലും ചട്ടം അനുവദിക്കാത്തതിനാൽ അവസാന കൂടിക്കാഴ്ച അനുവജിക്കാനാകില്ലെന്നാണ് സുപ്രീംകോടതിയുടെ നിർദേശിച്ചത്.
പ്രതികളായ പവൻ ഗുപ്ത, വിനയ് ശർമ, അക്ഷയ് എന്നിവർ തിഹാർ ജയിലിൽ തടവുകാർക്കുള്ള ജോലി ചെയ്തിരുന്നു. വിനയ്ക്ക് 39,000 രൂപയും പവന് 29,000 രൂപയും അക്ഷയ് സിംഗിന് 69,000 രൂപയും പ്രതിഫലമായി ലഭിച്ചിട്ടുണ്ട്. ഇത് കുടുംബാംഗങ്ങൾക്ക് അയച്ചു കൊടുക്കും. മുകേഷ് സിംഗ് ജയിലിൽ ജോലി ചെയ്യാൻ തയാറായിരുന്നില്ല. മുകേഷ് സിംഗ് തന്റെ അവയവങ്ങൾ ദാനം ചെയ്തിട്ടുണ്ട്. വിനയ് ജയിലിൽ വച്ച് താൻ വരച്ച ചിത്രങ്ങൾ ജയിലിൽ തന്നെ സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മറ്റ് രണ്ട് പേർ അന്ത്യാഭിലാഷമായി ഒന്നും ആവശ്യപ്പെട്ടുമില്ലെന്ന് ജയിൽ അധികൃതർ അറിയിച്ചു.