ന്യൂഡൽഹി : മകളുടെ ഘാതകർക്ക് തൂക്കു കയർ ലഭിക്കാൻ നിർഭയയുടെ അമ്മ ആശാദേവി നടത്തിയ പോരാട്ടങ്ങൾക്ക് സമാനമായിരുന്നു തൂക്കുകയറിൽ നിന്ന് രക്ഷപ്പെടാൻ പ്രതികൾ വധശിക്ഷയ്‌ക്ക് രണ്ടരമണിക്കൂർ മുമ്പുവരെ നടത്തിയ പോരാട്ടം. അർദ്ധരാത്രിയിലെ അവസാന നിയമപോരാട്ടം ഇങ്ങനെ
നാല് മണിക്കൂർ
ഹൈക്കോടതിയിൽ
മാർച്ച് 19 രാത്രി 8.53ന് , വധശിക്ഷ റദ്ദ് ചെയ്യണമെന്ന പ്രതികളുടെ ആവശ്യം തള്ളിയ പാട്യാല ഹൗസ് കോടതി വിധിയ്‌ക്കെതിരെ പ്രതികളുടെ അഭിഭാഷകൻ എ.പി.സിംഗ് ഡൽഹി ഹൈക്കോടതിയെ സമീപിക്കുന്നു. ഇതറിഞ്ഞ നിർഭയയുടെ മാതാപിതാക്കൾ ഹൈക്കോടതിയിലേക്ക് . പത്തുമണിയോടെ ജസ്റ്റിസുമാരായ മൻമോഹൻ, സജ്ഞയ് നരുല എന്നിവരുൾപ്പെട്ട അടിയന്തരബെഞ്ചിൽ വാദമാരംഭിക്കുന്നു.
ജഡ്ജി : ഹർജിയുമായി ബന്ധപ്പെട്ട സത്യവാംഗ്‌മൂലമോ രേഖകളോ ഇല്ലാതെ എങ്ങനെ ഹർജി പരിഗണിക്കാനാകും.
അഭിഭാഷകൻ എ.പി. സിംഗ് (പ്രതികളുടെ അഭിഭാഷകൻ) : കൊറോണയെത്തുടർന്ന് ഫോട്ടോസ്റ്റാറ്റ് കടകളടക്കം
അവധിയിലായതിനാലാണ് രേഖകൾ ഹാജരാക്കാനാകാത്തത്. രാജ്യം കൊറോണ ഭീതിയിലായിരിക്കുമ്പോൾ വധശിക്ഷ നിറുത്തിവയ്ക്കണം.
ജഡ്ജി : രാവിലെ മുതൽ വാദങ്ങളുമായി ഓടിനടന്ന നിങ്ങൾ ഇന്ന് സന്ദർശിക്കുന്ന മൂന്നാമത്തെ കോടതിയാണിത്. ഇത്തരം ബാലിശമായ വാദങ്ങൾ നിരത്തരുത്.
അഭിഭാഷകൻ എ.പി. സിംഗ് : അക്ഷയ് സിംഗിന്റെ ഭാര്യയുടെ വിവാഹമോചനക്കേസിൽ തീർപ്പുണ്ടായിട്ടില്ല, രാഷ്ട്രപതി ഹർജി തള്ളിയതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ ഹർജിയും അന്താരാഷ്ട്ര നീതിന്യായ കോടതിയ്ക്ക് നൽകിയ ഹർജിയും പാതിവഴിയിലാണ്. അതിനാൽ മരണവാറണ്ട് റദ്ദാക്കണം.
ജഡ്ജി : ഈ വാദങ്ങളെല്ലാം സുപ്രീംകോടതി തള്ളിയതാണ്. വധശിക്ഷയിലിടപെടാൻ തിരഞ്ഞെടുപ്പ് കമ്മീഷന് എന്തുകാര്യം? വിധി അന്തിമമാണ്. പുന:പരിശോധനയുടെ ആവശ്യമില്ല.
അഭിഭാഷകൻ എ.പി. സിംഗ് : ദൃക്‌സാക്ഷികൾ വിശ്വാസ്യയോഗ്യരല്ല. അവർ പണം വാങ്ങി കള്ളസാക്ഷി പറയുകയായിരുന്നു.
ജഡ്ജി : വധശിക്ഷയ്ക്ക് അഞ്ചുമണിക്കൂറുകൾ മാത്രം ശേഷിക്കേ ഇത്തരം വാദങ്ങളിൽ കഴമ്പില്ല. വാദിച്ച് തെളിയിക്കാൻ ഇത്രയും വർഷം ലഭിച്ചു. അവസാനനിമിഷം നിയമത്തെ കുറ്റപ്പെടുത്തിയിട്ടെന്തു കാര്യം. കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുകയാണ് നിങ്ങൾ .
അഭിഭാഷകൻ എ.പി. സിംഗ് : കുറച്ച് സമയം കൂടി അനുവദിച്ചാൽ മതിയാകും
ജഡ്ജി : ഇത് നാലാമത്തെ മരണവാറണ്ടാണ്. മറുചിന്തയില്ല. ( ഹർജി തള്ളുന്നു.)
(ഉടൻ അഭിഭാഷകൻ ഷാം കവാജ പ്രതികൾക്കായി വാദിക്കാനെത്തുന്നു)
ഷാം കവാജ : എല്ലാരേഖകളും പരിശോധിക്കാതെയും പരിഗണിക്കാതെയുമാണ് രാഷ്ട്രപതി ദയാഹർജികൾ തള്ളിയത്. മാദ്ധ്യമങ്ങളുണ്ടാക്കിയ മുൻധാരണങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹമത് ചെയ്തത്.
ജഡ്ജി (സമയം 12 .08) : ഇത്തരം വാദങ്ങൾക്കുള്ള സമയമിതല്ല. രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്യാനാവില്ല. ഹർജിയിലോ വാദങ്ങളിലോ പുതുതായി ഒന്നും കണ്ടെത്താനായില്ല. മരണവാറണ്ടുമായി മുന്നോട്ട് പോകാൻ ബെഞ്ച് വിധിക്കുന്നു.
സുപ്രീംകോടതിയിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ച പ്രതികളുടെ അഭിഭാഷകൻ 12.30 വരെ ഹൈക്കോടതി ഉത്തരവിനായി കാത്തിരിക്കുന്നു. രണ്ടുമണിക്കൂർ കഴിഞ്ഞേ ഉത്തരവ് ലഭ്യമാക്കാനാവൂ എന്ന് ഡൽഹി ഹൈക്കോടതി രജിസ്ട്രാർ അറിയിക്കുന്നു. വധശിക്ഷ നടപ്പിലാക്കാനുള്ള ഗൂഢശ്രമമാണിതെന്ന് ആരോപിച്ച് വിധിപ്പകർപ്പില്ലാതെ പ്രതികളുടെ അഭിഭാഷകൻ എ.പി. സിംഗ് സുപ്രീംകോടതി രജിസ്ട്രാറുടെ വസതിയിലേക്ക് പോകുന്നു.
ഒരു മണിക്കൂർ വാദം
സുപ്രീംകോടതിയിൽ
പവൻഗുപ്തയുടെ ദയാഹർജി രാഷ്ട്രപതി തള്ളിയതിനെതിരെ അഭിഭാഷകൻ പുലർച്ചെ ഒരുമണിക്ക് സുപ്രീംകോടതിയിൽ തിരുത്തൽ ഹർജി നൽകുന്നു. 2.30ന് വാദം കേൾക്കാൻ ലിസ്റ്റ് ചെയ്യാൻ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ സുപ്രീംകോടതി രജിസ്ട്രാർക്ക് നിർദേശം നൽകുന്നു. കൊറോണയുടെ പശ്ചാത്തലത്തിൽ എ.പി.സിംഗിനും അദ്ദേഹത്തിന്റെ മൂന്ന് ജൂനിയർ അഭിഭാഷകർക്കും മാത്രമേ കോടതി വളപ്പിൽ കയറാൻ അനുമതി നൽകൂ എന്ന് സെക്യൂരിറ്റി അറിയിച്ചു. നാല് ജൂനിയർ അഭിഭാഷകരെ കയറ്റമെന്ന് വാദിച്ച് എ.പി. സിംഗ് സെക്യൂരിറ്റി ജീവനക്കാരുമായി തർക്കത്തിലേർപ്പെടുന്നു. കേന്ദ്രസർക്കാരിനായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിലെത്തുന്നു. പുലർച്ചെ 2.30ന് ജസ്റ്റിസുമാരായ ഭാനുമതി, ഭൂഷൺ, ബൊപ്പണ്ണ എന്നിവരുൾപ്പെട്ട ബെഞ്ചിൽ വാദമാരംഭിക്കുന്നു.
അഭിഭാഷകൻ എ.പി. സിംഗ് : പവൻ ഗുപ്ത ജുവനൈലാണ്. ഇക്കാര്യത്തിൽ തുടർവാദങ്ങൾ ആവശ്യമുള്ളതിനാൽ മരണവാറണ്ട് റദ്ദാക്കുക.
ജഡ്ജി : വിചാരണക്കോടതി, ഹൈക്കോടതി, സുപ്രീംകോടതി എന്നിവിടങ്ങളിൽ പലപ്രാവശ്യം തള്ളിയതാണിത്. ഇക്കാര്യം വീണ്ടുമുന്നയിച്ച് കോടതി ഉത്തരവിനെ ചോദ്യം ചെയ്യുകയാണോ ?. രാഷ്ട്രപതി ദയാഹർജി തള്ളിയതിനെതിരെയുള്ള കേസ് മൂന്നാംതവണയാണ് ഈ കോടതി പരിഗണിക്കുന്നത്.
അഭിഭാഷകൻ എ.പി. സിംഗ് : സംഭവം നടന്നുവെന്ന് പറയപ്പെടുന്ന ബസ് പത്തുമാസം പൊലീസ് കസ്റ്റഡിയിലായിരുന്നു. പൊലീസ് രേഖകൾ മറച്ചുവച്ചു.
ജഡ്ജി : ഇതൊക്കെ മുൻപ് പലതവണ പറഞ്ഞതല്ലേ?
അഭിഭാഷകൻ എ.പി. സിംഗ് : രാഷ്ട്രപതി മുൻധാരണകളോടെയാണ് കേസ് പരിഗണിച്ചത്. പവൻ ഗുപ്തയുടെ വയസ് സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ 2 - 3 ദിവസം അനുവദിക്കണം.
ജഡ്ജി : രാഷ്ട്രപതി ദയാഹർജി തള്ളിയത് രേഖകൾ പരിശോധിക്കാതെയാണെന്നുള്ള അഭിഭാഷകന്റെ വാദം അംഗീകരിക്കാനാവില്ല. കഴമ്പില്ലാത്ത വാദമായതിനാൽ കേസ് തള്ളുന്നു. മരണവാറണ്ടുമായി മുന്നോട്ട് പോകാൻ തീഹാർ ജയിൽ അധികൃതരോട് ബെഞ്ച് വിധിക്കുന്നു.
സോളിസിറ്റ് ജനറൽ തുഷാർമേത്ത : പ്രതികളിലൊരാളായ അക്ഷയ് സിംഗിന്റെ എട്ടുവയസുകാരൻ മകനും ഭാര്യയുമടങ്ങിയ കുടുംബം അക്ഷയിനെ ജയിലിൽ പത്ത് മിനിട്ട് കാണാൻ ആഗ്രഹിക്കുന്നു. കോടതി അനുവദിക്കണം
ജഡ്ജി : എട്ടുവയസുകാരനായ മകന്റെ മനസിൽ അവസാന കൂടികാഴ്ച എന്നുമൊരു മുറിവായി അവശേഷിക്കും. അതിനാൽ ആവശ്യം തള്ളി.