ന്യൂഡൽഹി: ജയ്‌പൂരിൽ കൊറോണ ബാധിച്ച 69 കാരനായ ഇറ്റാലിയൻ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതോടെ രാജ്യത്ത് മരണം അഞ്ചായി. കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഹൃദയാഘാതമുണ്ടായത്. രാജ്യത്ത് ആദ്യം റിപ്പോർട്ട് ചെയ്‌ത കേസുകളിലൊന്നാണിത്. ഇന്ത്യയിൽ മൊത്തം രോഗികളുടെ എണ്ണം 206 ആയി.
രാജസ്ഥാനിൽ അടക്കം പലയിടങ്ങളിലും നിരോധനാജ്ഞ. മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസ് ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികൾ വിലയിരുത്തി. പ്രധാനമന്ത്രി പ്രഖ്യാപിച്ച കൊറോണ ടാസ്‌ക് ഫോഴ്സ് ഡൽഹിയിൽ ആദ്യ യോഗം ചേർന്നു.
പ്രധാനമന്ത്രി പ്രഖ്യാപിച്ച നാളത്തെ ജനതാ കർഫ്യൂ വിജയിപ്പിക്കാൻ ഡൽഹി, ബാംഗ്ളൂർ മെട്രോകൾ സർവീസ് നടത്തില്ല. ആളുകൾ പരസ്‌പരം അകലം പാലിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം അഭ്യർത്ഥിച്ചു.
മഹാരാഷ്‌ട്രയിൽ ലോക്ക് ഡൗൺ
രോഗികളുടെ എണ്ണം 52 കവിഞ്ഞതോടെ മഹാരാഷ്‌ട്രയിൽ കൂടുതൽ കരുതൽ നടപടികൾ പ്രഖ്യാപിച്ചു. ഇന്നലെ പുനെ, മുംബയ്, പിംപ്രി ചിഞ്ച്‌വാദ് എന്നിവിടങ്ങളിൽ മൂന്ന് പേർക്കുകൂടി പോസിറ്റീവായി. ജനങ്ങൾ അത്യാവശ്യത്തിന് മാത്രമെ വീടിനു വെളിയിലിറങ്ങാവൂ എന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അഭ്യർത്ഥിച്ചു. മഹാരാഷ്‌ട്ര അടക്കം സംസ്ഥാനങ്ങളിൽ മാളുകളും കടകളും ഓഫീസുകളും അടച്ചിടും. മുംബയ്, പൂനെ, നാഗ്പൂർ, പിംപ്രി ചിഞ്ച്‌വാദ് എന്നിവിടങ്ങളിൽ മാർച്ച് 31വരെ അവശ്യ മേഖലകളായ പാൽ, പലവ്യഞ്ജനം, മരുന്ന്, ബാങ്കിംഗ് എന്നിവയൊഴികെ എല്ലാ ഓഫീസുകളും കടകളും അടച്ചിടും. സർക്കാർ ഓഫീസുകളിൽ 25 ശതമാനം ഹാജർ മതിയെന്നും ഉത്തരവുണ്ട്. മുംബയിൽ ലോക്കൽ ട്രെയിനുകൾ അടക്കം പൊതുഗതാഗതം തത്‌ക്കാലം തുടരുമെങ്കിലും വേണ്ടിവന്നാൽ നിറുത്തിവയ്‌ക്കുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.
ഗുജറാത്തിൽ നാലുപേർക്ക് കൂടി രോഗബാധ. വഡോദരയിൽ ശ്രീലങ്കയിൽ പോയ 62കാരിയും സ‌്പെയിനിൽ യാത്ര ചെയ്‌ത 49കാരനും യു.എസിൽ നിന്ന് മടങ്ങിയെത്തിയ അഹമ്മദാബാദ് സ്വദേശികളായ രണ്ട് സ്‌ത്രീകൾക്കുമാണിത്.
ചണ്ഡീഗഡിലും ലക്‌നൗവിലും നാലുവീതം കേസുകൾ
പശ്‌ചിമ ബംഗാളിൽ ലണ്ടനിൽ നിന്നു വന്ന 22കാരിക്ക് രോഗം
പഞ്ചാബിലെ മൊഹാലിയിൽ ബ്രിട്ടനിൽ നിന്നു വന്ന ഒരാൾക്കും ആന്ധ്രയിൽ വിശാഖപട്ടണത്ത് സൗദി യാത്ര ചെയ്‌ത ഒരാൾക്കും രാജസ്ഥാനിൽ മൂന്നുപേർക്കും തെലങ്കാനയിൽ ഒരാൾക്കും.
വസുന്ധര രാജെ സിന്ധ്യയും മകനും നിരീക്ഷണത്തിൽ
കനികാ കപൂറിനൊപ്പം പാർട്ടിയിൽ പങ്കെടുത്ത മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയും മകനും ബി.ജെ.പി എംപിയുമായ ദുഷ്യന്ത് സിംഗും സ്വയം ക്വാറന്റൈനിലായി. ദുഷ്യന്തിന്റെ ഭാര്യ വീട്ടുകാർ ലക്‌നൗവിൽ സംഘടിപ്പിച്ച പാർട്ടിയിൽ കനിക അതിഥിയായിരുന്നു. ചടങ്ങിന് ശേഷം ദുഷ്യന്ത് പാർലമെന്റിൽ എത്തിയത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പാർലമെന്റിൽ ദുഷ്യന്തിന് അടുത്തിരുന്ന തൃണമൂൽ എംപി ഡെറിക് ഒബ്രെയ്‌നും ലക്‌നൗവിലെ ചടങ്ങിൽ പങ്കെടുത്ത യു.പി മന്ത്രി ജയ് പ്രതാപ് സിംഗും സ്വയം നിരീക്ഷണത്തിലേക്ക് മാറി.
അടിയന്തര സഹായത്തിന് കേന്ദ്രസർക്കാർ വാട്ട്‌സ്ആപ്പ് നമ്പർ പ്രഖ്യാപിച്ചു: 9013151515
ഉത്തരാഖണ്ഡിൽ ടൂറിസ്റ്റുകൾക്ക് വിലക്ക്
യു.പി.എസ്.സി സിവിൽ സർവീസ് അഭിമുഖം മാറ്റിവച്ചു
കൂടുതൽ മെഡിക്കൽ കിറ്റുകൾ നൽകണമെന്ന് കേന്ദ്രത്തോട് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി
നാളെ മുതൽ 29വരെ ഡൽഹി വിമാനത്താവളത്തിലെ അന്താരാഷ്‌ട്ര സർവീസുകൾ നിറുത്തും.
ലേ വിമാനത്താവളത്തിൽ സൈനികരും ലഡാക്ക് സ്വദേശികളുമല്ലാത്തവർക്ക് വിലക്ക്.
ഡൽഹിയിൽ പച്ചക്കറി, പലവ്യഞ്ജനം, മരുന്ന് കടകൾ ഒഴികെയുള്ളവ അടച്ചിടും