nirbhaya-case

ന്യൂഡൽഹി:വധശിക്ഷ നടപ്പാക്കുന്നതിന്റെ തലേന്നും ഒരു പകലും രാത്രി പുലരുവോളവും സുപ്രീംകോടതി വരെ നീണ്ട നിയമപോരാട്ടവും വിഫലമായതോടെ നിർഭയ കേസിലെ നാല് പ്രതികളെ തീഹാർ ജയിലിൽ തൂക്കിലേറ്റി.

ആരാച്ചാർ പവൻ ജല്ലാദാണ് വെള്ളിയാഴ്‌ച പുലർച്ചെ 5.30ന് പ്രതികളായ അക്ഷയ് ഠാക്കൂർ (31), പവൻ ഗുപ്ത (25), വിനയ് ശർമ്മ (26), മുകേഷ് സിംഗ് (32) എന്നിവരുടെ വധശിക്ഷ നടപ്പാക്കിയത്. 5.31ന് ജയിൽ അധികൃതർ ഇത് സ്ഥിരീകരിച്ചു. പിന്നാലെ, ജയിലിന് മുന്നിലെത്തിയവർ ആഹ്ലാദാരവങ്ങൾ മുഴക്കി. മരണം ഉറപ്പാക്കാൻ നാലു പേരുടേയും മൃതദേഹങ്ങൾ അര മണിക്കൂർ തൂക്കുകയറിൽ കിടന്നു. ആറു മണിയോടെ തൂക്കുകയർ അഴിച്ച് മൃതദേഹങ്ങൾ നിലത്ത് കിടത്തി. രാവിലെ 8.20ന് പോസ്റ്റ് മോർട്ടത്തിനായി ദീൻ ദയാൽ ഉപാദ്ധ്യായ ആശുപത്രിയിലേക്ക് മാറ്റി.

പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മുകേഷ് സിംഗിന്റെ മ‌ൃതദേഹം രാജസ്ഥാനിലേക്കും അക്ഷയ് ഠാക്കൂറിന്റെ മൃതദേഹം ബീഹാറിലെ ഔറംഗാബാദിലേക്കും പവൻ ഗുപ്ത, വിനയ് ശർമ്മ എന്നിവരുടെ മൃതദേഹങ്ങൾ ഡൽഹിയിലെ മുനീർക്കയ്‌ക്ക് സമീപമുള്ള രവിദാസ് കോളനിയിലേക്കും കൊണ്ടു പോയി.

രാത്രിയിലെ നിയമയുദ്ധം

വ്യാഴം രാത്രി 9 മണി: വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം. വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യം തള്ളിയ പാട്യാല ഹൗസ് കോടതി വിധിക്കെതിരെ പ്രതികളുടെ അഭിഭാഷകൻ എ. പി. സിംഗ് ഡൽഹി ഹൈക്കോടതിയിലേക്ക്. ജസ്റ്റിസുമാരായ മൻമോഹൻ,സഞ്ജയ് നരുല എന്നിവരുൾപ്പെട്ട ബെഞ്ച് ഹർജി തള്ളി.

പുലർച്ചെ ഒരു മണി: പ്രതി പവൻ ഗുപ്തയുടെ ദയാഹർജി രാഷ്‌ട്രപതി തള്ളിയതിനെതിരെ അഭിഭാഷകൻ സുപ്രീംകോടതിയിൽ തിരുത്തൽ ഹർജി നൽകി.

പുലർച്ചെ 2.30: ജസ്റ്റിസുമാരായ ഭാനുമതി, അശോക് ഭൂഷൺ, ബൊപ്പണ്ണ എന്നിവരുൾപ്പെട്ട ബെഞ്ച് ഈ ഹർജിയും തള്ളി. നിയമവഴികൾ എല്ലാം അടഞ്ഞു.

തീഹാർ ജയിലിൽ ഉദ്യോഗസ്ഥരും ആരാച്ചാർ പവൻ ജല്ലാദും പങ്കെടുത്ത യോഗം

ശിക്ഷ നടപ്പാക്കാനുള്ള അവസാനവട്ട വിലയിരുത്തൽ.

ജയിലിന് പുറത്ത് അർദ്ധസൈനികരെ വിന്യസിച്ചു.

അന്ത്യനടപടികൾ