ന്യൂഡൽഹി :പരമോന്നതകോടതി ഇന്നലെ സാക്ഷ്യം വഹിച്ചത് അപൂർവ പാതിരാ നിയമയുദ്ധത്തിന്. ഹൈക്കോടതിയും കൈവിട്ടതോടെ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള അവസാന പഴുതും തേടി നിർഭയകേസ് പ്രതികളുടെ അഭിഭാഷകൻ എ.പി സിംഗ് സുപ്രീംകോടതിയിലെത്തിയത് രണ്ടുമണിയോടെ. നീതിക്കായി ഏഴുവർഷം പോരാടിയ നിർഭയയുടെ മാതാപിതാക്കളും അഭിഭാഷകൻ ജിതേന്ദ്രകുമാർ ഝായും എത്തി. സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്‌ക്കും ഇരുഭാഗത്തെയും അഭിഭാഷകർക്കും അഞ്ച് മാദ്ധ്യമപ്രവർത്തകർക്കും മാത്രമായിരുന്നു കോടതിമുറിക്കുള്ളിലേക്ക് പ്രവേശനം. 2.30 ഓടെ ജസ്റ്റിസ് ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗബെഞ്ചിൽ അന്തിമവാദം.
ഒരു മണിയോടുകൂടിയാണ് പ്രധാന ഗേറ്ര് ഒഴിവാക്കി മാദ്ധ്യമപ്രവർത്തകർ സുപ്രീംകോടതിയിലെത്തിയത്. ഗേറ്റിന് പുറത്ത് ബെഞ്ചിൽ തലകുനിച്ചിരിക്കുകയായിരുന്നു പ്രതികളിലൊരാളായ അക്ഷയ്കുമാറിന്റെ സഹോദരനും ഭാര്യാ സഹോദരനും. 'ഹൈക്കോടതിയിൽ പോയിരുന്നു. സുപ്രീംകോടതിയിലെന്താണ് നടക്കുകയെന്നറിയില്ല.' നിറകണ്ണുകളോടെ അക്ഷയ് കുമാറിന്റെ സഹോദരൻ പറഞ്ഞു.
2.20 ഓടുകൂടി നിർഭയയുടെ മാതാപിതാക്കളുടെ അഭിഭാഷകൻ ജിതേന്ദ്രകുമാർ ഝാ എത്തി. അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു, ഞങ്ങൾ വിജയിച്ചു കഴിഞ്ഞു. നീതി ലഭിക്കും. പിന്നാലെ പ്രതി പവൻഗുപ്തയുടെ അഭിഭാഷകൻ എ.പി സിംഗ് എത്തി, ' ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് കിട്ടിയില്ല. പുരുഷന്മാർക്കുവേണ്ടി സംസാരിക്കാനാളില്ല. വനിതാ കമ്മിഷനേയുള്ളൂ. പുരുഷ കമ്മിഷനില്ല. രാത്രിയിലും നീതിതേടി ഓടിയെത്തേണ്ടി വരികയാണ്.' എ.പി സിംഗ് പറഞ്ഞു.
കോടതിയിലേക്ക് കയറാൻ ശ്രമിക്കവെ കൂടെയുള്ള അഭിഭാഷകരെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. കവാടത്തിന് മുന്നിൽ കുത്തിയിരുന്ന് എ.പി സിംഗ് പ്രതിഷധിച്ചു. കൊറോണയുടെ പശ്ചാത്തലത്തിൽ നിയന്ത്രണമുണ്ടെന്ന് ബോദ്ധ്യപ്പെടുത്തി ഉദ്യോഗസ്ഥർ അദ്ദേഹത്തെ മാത്രം പ്രവേശിപ്പിച്ചു,
2.30ഓടുകൂടി അഭിഭാഷകർക്കുമൊപ്പം നിർഭയയുടെ അമ്മ ആശാദേവിയും അച്ഛൻ ബദരിനാഥ് സിംഗും അഭിഭാഷക സീമ കുശ്വാഹയും മറ്റും സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലിലെത്തി.
പത്തുമിനിട്ടിനുള്ളിൽ നടപടി തുടങ്ങി. പുറത്ത് മരച്ചോട്ടിൽ ആകാംക്ഷയോടെ നിർഭയയുടെ മാതാപിതാക്കൾ. ആശങ്കയോടെ അക്ഷയ്കുമാറിന്റെ സഹോദരനും ഭാര്യാ സഹോദരനും മറുഭാഗത്ത്. ഇടയ്ക്ക് ചെറിയ മഴപെയ്തതോടെ വരാന്തയിലെ ബെഞ്ചിലേക്ക് മാറി ആശാദേവിയും ഒപ്പമുള്ളവരും. കുറച്ച് മിനുട്ടുകൾക്ക് ശേഷം ,ഏഴുവർഷം നീണ്ട പോരാട്ടത്തിന് അന്ത്യം കുറിച്ച് 3.20 ഓടെ ഒരു മെസേജ്
നിർഭയയുടെ അമ്മയ്‌ക്കൊപ്പമുള്ളവരുടെ ഫോണിലെത്തി. ഹർജി തള്ളി. ആശാദേവിയും ബദരിനാഥ് സിംഗും ഒപ്പമുള്ളവരും കരഘോഷം മുഴക്കി.
'ഇന്നത്തെ സൂര്യൻ നിർഭയയ്‌ക്കും എല്ലാ പെൺമക്കൾക്കും വേണ്ടി ഉദിക്കും. വധശിക്ഷ നടപ്പാവുന്നു. സർക്കാരിനും രാഷ്ട്രപതിക്കും അഭിഭാഷകർക്കും മാദ്ധ്യമങ്ങൾക്കും എല്ലാവർക്കും നന്ദി.' ആശാദേവി പറഞ്ഞു.
'നമ്മൾ പോരാടിയാൽ ഉറപ്പായും നീതി ലഭിക്കും. എന്റെ മകൾക്കു മാത്രമല്ല, എല്ലാ സ്ത്രീകൾക്കും കൂടിയുള്ളതാണ് ഈ നീതി. അച്ഛൻ ബദരിനാഥ് സിംഗ് പറഞ്ഞു.'
ആഹ്ളാദ പ്രകടനങ്ങൾക്കിടെ അക്ഷയ് സിംഗിന്റെ സഹോദരൻ പുറത്തേക്ക് . നിർഭയയുടെ അച്ഛൻ ബദരിനാഥ് പറഞ്ഞു. 'തിഹാറിലേക്ക് ഞങ്ങളില്ല. ഇന്ന് സൂര്യപ്രകാശത്തിന് സുവർണനിറമായിരിക്കും.' പക്ഷേ ഇന്ത്യൻ പതാകയേന്തി നിരവധി പേർ തിഹാറിന് മുന്നിലുണ്ടായിരുന്നു. 5.30ന് വിധി നടപ്പായി.