ന്യൂഡൽഹി:കൊറോണയുടെ പശ്ചാത്തലത്തിൽ ഏപ്രിൽ 6 വരെ റിക്കവറിയും മറ്റ് നിർബന്ധിത നടപടികളും മാറ്റിവയ്ക്കാൻ ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ആദായനികുതി വകുപ്പ്, ജി.എസ്.ടി അധികൃതർ എന്നിവരോട് നിർദ്ദേശിച്ച കേരള, അലഹബാദ് ഹൈക്കോടതികളുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്‌തു.
ഹൈക്കോടതികളുടെ ഉത്തരവുകൾക്കെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, വിനീത് ശരൺ, കൃഷ്ണ മുരാരി എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ സ്റ്റേ.
ഹൈക്കോടതി ഉത്തരവുകൾ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കേന്ദ്രത്തിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി. നികുതി അടയ്ക്കാൻ തയാറുള്ളവർ പോലും ഹൈക്കോടതികളുടെ ഉത്തരവിലൂടെ അതിൽ നിന്ന് പിൻമാറുമെന്നും കേന്ദ്രം അറിയിച്ചു.
കൊറോണ സൃഷ്ടിക്കുന്ന പ്രതിസന്ധി കോടതിക്ക് അറിയാമെങ്കിലും അത് നേരിടാൻ കേന്ദ്രം നടപടികൾ കൈകൊള്ളുന്ന സാഹചര്യത്തിലാണ് ഹൈക്കോടതികളുടെ ഉത്തരവ് സ്റ്റേ ചെയ്യുന്നതെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
കൊറോണയുടെ പശ്ചാത്തലത്തിൽ നികുതി ഈടാക്കൽ, ബാങ്ക് വായ്പാ കുടിശിക ഈടാക്കൽ എന്നിവയുമായി ബന്ധപ്പെട്ട എൺപതിലേറെ ഹർജികൾ ഒന്നിച്ചു പരിഗണിച്ചാണ് കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് അമിത് റാവൽ ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചത്. ആദായ നികുതി, വാറ്റ്, വിൽപന നികുതി, വാഹന നികുതി, കെട്ടിട നികുതി, മുനിസിപ്പാലിറ്റി / കോർപറേഷൻ നികുതി എന്നിവയുമായി ബന്ധപ്പെട്ട കേസുകളാണുണ്ടായിരുന്നത്. ബാങ്കുകൾ, ധനസ്ഥാപനങ്ങൾ, ആദായനികുതി - വാറ്റ് - ജിഎസ്ടി അധികൃതർ, വാഹന നികുതി - കെട്ടിട നികുതി അധികാരികൾ എന്നിവർ റിക്കവറി ഉൾപ്പെടെ നിർബന്ധിത നടപടികൾ നിർത്തിവയ്ക്കാനാണ് ഹൈക്കോടതി നിർദ്ദേശിച്ചത്.