ന്യൂഡൽഹി: കർണാടകയ്‌ക്കു പിന്നാലെ ഒരു വർഷത്തിനുള്ളിൽ മദ്ധ്യപ്രദേശും ബി.ജെ.പിക്ക് അടിയറ വയ്‌ക്കേണ്ടി വന്നത് ദേശീയ രാഷ്‌ട്രീയത്തിൽ കിതയ്‌ക്കുന്ന കോൺഗ്രസിലെ പ്രതിസന്ധി രൂക്ഷമാക്കും. വിമതരെ ഇറക്കിയുള്ള കർണാടക തന്ത്രം മദ്ധ്യപ്രദേശിലും ബി.ജെ.പി ആവർത്തിച്ചപ്പോൾ കോൺഗ്രസിന്റെ പ്രതിരോധം ഫലിച്ചില്ല.
മദ്ധ്യപ്രദേശിൽ 15 വർഷം ഭരിച്ച ബി.ജെ.പിയെ പുറത്താക്കി ഭരണം പിടിച്ചത് കോൺഗ്രസിന് ദേശീയ തലത്തിൽ നേട്ടമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ 15 മാസത്തിനുള്ളിൽ തന്നെ ബി.ജെ.പിയുടെ കുതന്ത്രങ്ങളിൽ പതറിയ കോൺഗ്രസിന് സംസ്ഥാന ഭരണവും ജ്യോതിരാദിത്യ സിന്ധ്യയെന്ന യുവനേതാവിനെയും നഷ്‌ടമായി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് കർണാടകയിൽ കോൺഗ്രസ്-ജെ.ഡി.എസ് മുന്നണി സർക്കാരിനെ ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിൽ പുറത്താക്കി ബി. ജെ. പി അധികാരം പിടിച്ചത്. ഇളകിയാടുന്ന എം.എൽ.എമാരെ അടർത്തിമാറ്റിയാണ് രണ്ടിടത്തും കോൺഗ്രസ് സർക്കാരുകളെ ബി.ജെ.പി പ്രതിസന്ധിയിലാക്കിയത്.
കർണാടകയിലെ 'ഓപ്പറേഷൻ കമല' ബി. ജെ. പി മദ്ധ്യപ്രദേശിലും പയറ്റുമെന്ന് ബോദ്ധ്യമുണ്ടായിട്ടും എ.ഐ.സി.സിയിലെ ബുദ്ധികേന്ദ്രങ്ങൾ അതു തടയാൻ രാഷ്‌ട്രീയ തന്ത്രങ്ങൾ ആവിഷ്‌കരിച്ചില്ല. കോൺഗ്രസ് നേതൃത്വവുമായി ഉടക്കിയ ജ്യോതിരാദിത്യ സിന്ധ്യയുമായി ബി.ജെ.പി രണ്ടുവർഷമായി ചർച്ചയിലായിരുന്നു. സിന്ധ്യയുടെ ആശങ്കകൾ പരിഹരിക്കാൻ ഉറ്റതോഴനായ രാഹുൽ ഗാന്ധിയും ശ്രമിച്ചില്ല. രാജ്യസഭാ സീറ്റു നൽകി പരിഹരിക്കാവുന്ന പ്രശ്‌നം വഷളാക്കുകയായിരുന്നു. കോൺഗ്രസ് നിഷേധിച്ച രാജ്യസഭാ സീറ്റ് നൽകി ബി.ജെ.പി അദ്ദേഹത്തെ റാഞ്ചി. കമൽനാഥ് സർക്കാരിനെ താങ്ങി നിറുത്തിയിരുന്ന എം.എൽ.എമാരും ഒപ്പം പോന്നു.
മദ്ധ്യപ്രദേശിലെ രാഷ്‌ട്രീയ പ്രതിസന്ധിക്കിടെയാണ് ഗുജറാത്തിൽ ജയിക്കാമായിരുന്ന ഒരു രാജ്യസഭാ സീറ്റ് കോൺഗ്രസ് കൈവിടുന്നത്. അവിടെയും ഇളകി നിന്ന അഞ്ച് കോൺഗ്രസ് എം.എൽ.എമാരെ ബി.ജെ.പി രാജിവയ്‌പിച്ചു. കോൺഗ്രസ് അംഗങ്ങളുടെ ഭൂരിപക്ഷം കുറഞ്ഞതിനാൽ ബി.ജെ.പിക്ക് മൂന്നുപേരെ രാജ്യസഭയിലെത്തിക്കാം. മൂന്നുവർഷം മുമ്പ് ബി.ജെ.പിയെ പ്രതിരോധിച്ച് അഹമ്മദ് പട്ടേലിനെ രാജ്യസഭയിലെത്തിക്കാൻ കാണിച്ച ആവേശം കോൺഗ്രസിന് ഇല്ലാതെപോയി.
മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും രണ്ടുവള്ളത്തിൽ നിൽക്കുന്ന രാജസ്ഥാനാണ് ബി.ജെ.പിയുടെ അടുത്ത ലക്ഷ്യമെന്ന് കേൾക്കുന്നു. രാജ്യസഭാ സ്ഥാനാർത്ഥികളെ ചൊല്ലിയുടെ അവരുടെ തർക്കം വീണ്ടും പുറത്തു വന്നിരുന്നു. കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിൽ ടി.എസ്. സിംഗ്‌ദോ അടക്കം മുതിർന്ന നേതാക്കളുടെ എതിർപ്പ് നേരിടുന്ന മുഖ്യമന്ത്രി ഭൂപേന്ദ്ര ബാഗലിനുമുണ്ട് സമാനമായ പ്രതിസന്ധി. ബി.ജെ.പിയെ പുറത്താക്കാൻ ശിവസേനയുമായി കൂട്ടുകൂടിയ മഹാരാഷ്ട്രയിലും കോൺഗ്രസിന്റെ സ്ഥിതി ആശാവഹമല്ല.
രാഹുൽ ഗാന്ധിയെ വീണ്ടും അദ്ധ്യക്ഷനാക്കാൻ ഒരു പക്ഷം കൊണ്ടു പിടിച്ച ശ്രമത്തിലാണ്. എന്നാൽ അദ്ധ്യക്ഷ പദവി വേണ്ടെന്ന് ആവർത്തിക്കുന്നു രാഹുൽ. നേതൃനിരയിലെ ആശയക്കുഴപ്പം പാർട്ടിയെ മൊത്തത്തിൽ ഗ്രസിച്ചതിന്റെ ഉദാഹരണമായാണ് മദ്ധ്യപ്രദേശ് അദ്ധ്യായത്തെ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.