ന്യൂഡൽഹി: കൊറോണ നിയന്ത്രണങ്ങൾക്കിടയിലും തിഹാർ ജയിലിന് മുന്നിൽ നൂറുകണക്കിന് പേരാണെത്തിയത്. നിർഭയയോട്കൊ ടുംക്രൂരകൃത്യം ചെയ്ത പ്രതികൾക്ക് ശിക്ഷ നടപ്പായെന്ന സന്തോഷം പലരും പങ്കുവച്ചു. ചിലർ ഇന്ത്യൻ പതാകയേന്തിയാണെത്തിയത്. നിർഭയയുടെ മാതാപിതാക്കൾ സുപ്രീംകോടതിയിൽ നിന്ന് വീട്ടിലേക്കാണ് പോയത്. മരണവാറൻഡ് സ്റ്റേ ചെയ്യാൻ പാട്യാല ഹൗസ് കോടതി വിസമ്മതിച്ചതിന് പിന്നാലെ പ്രതികൾ ഹൈക്കോടതിയിലേക്കും പിന്നീട് അർദ്ധരാത്രി സുപ്രീംകോടതിയിലേക്കും പോയതോടെ ജനങ്ങൾ ആകാംഷയിലായിരുന്നു. രാത്രിയോടെ തിഹാറിന് മുന്നിൽ കൂടുതൽ ആളുകളെത്തി. ഒപ്പം കൂടുതൽ അർദ്ധസൈനികരുമെത്തി.
അപ്പീൽ തള്ളിയ വിവരം മൂന്നരയോടെ അറിഞ്ഞതോടെ ആൾക്കൂട്ടം നിർഭയ നിങ്ങൾ എന്നും ജീവിക്കട്ടെ എന്ന മുദ്രാവാക്യം മുഴക്കി. 5.30 ഓടെ ശിക്ഷ നടപ്പാക്കിയ വിവരം പുറത്തുവന്നതോടെ ആൾക്കൂട്ടം കൈയടിയും മറ്റുമായി ആഹ്ലാദ പ്രകടനം നടത്തി. ചിലർ ഭാരത് മാതാ കി ജയ് മുദ്രാവാക്യം മുഴക്കി. മാദ്ധ്യമപ്രവർത്തകർക്കും പൊലീസുകാർക്കും മറ്റും മധുരം വിതരണം ചെയ്തു.