കടുത്ത നടപടികൾക്ക് മുന്നോടി
ഇന്ത്യയിൽ രോഗബാധിതർ 293
സാനിറ്റൈസർ, മാസ്‌ക് വില നിയന്ത്രിച്ചു
ന്യൂഡൽഹി: കൊറോണ വൈറസ് അപകടകരമായ
സാമൂഹ്യ വ്യാപനത്തിലേക്ക് കടക്കുമെന്ന ആശങ്ക ശക്തമാകവേ, മഹാമാരിക്കെതിരെ പ്രതിരോധം തീർത്ത് 130 കോടി ജനങ്ങൾ ഇന്ന് വീടുകളിൽനിന്ന് പുറത്തിറങ്ങാതെ ആചരിക്കുന്ന ജനതാ കർഫ്യൂവിൽ രാജ്യം നിശ്ചലമാകും.
ഇന്നലെ കേരളവും മഹാരാഷ്‌ട്രയും ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തതോടെ രാജ്യത്തെ മൊത്തം കൊറോണബാധിതരുടെ എണ്ണം 293 ആയി. മഹാരാഷ‌്ട്രയിലാണ് ഏറ്റവും കൂടുതൽ - 63. കേരളത്തിൽ 52.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനപ്രകാരമാണ് രാജ്യം ഇന്ന് വീടുകളിലേക്ക് ഒതുങ്ങുന്നത്. രാവിലെ ഏഴ് മുതൽ രാത്രി 9 വരെ ജനങ്ങൾ പുറത്തിറങ്ങാതെ കൊറോണ വൈറസിനെതിരെ പ്രതിരോധം തീർക്കും. ട്രെയിനും ബസും വിമാനങ്ങളും ഉൾപ്പെടെ പൊതുഗതാഗത സംവിധാനങ്ങളും കടകമ്പോളങ്ങളും അവശ്യസർവീസുകൾ ഒഴികെയുള്ള എല്ലാ സേവനങ്ങളും ഇന്ന് നിറുത്തി വയ്‌ക്കുമ്പോൾ ചൈനയ്‌ക്കു പിന്നിൽ ജനസംഖ്യയിൽ രണ്ടാം സ്ഥാനമുള്ള ഇന്ത്യ യുദ്ധകാല ജാഗ്രതയോടെ ഒരു ഭീകര വിപത്തിനെതിരെ ഒറ്റമനസായി നിൽക്കും.
രോഗം സമൂഹവ്യാപന ഘട്ടത്തിലാണെന്ന സൂചന നൽകി പൂനെയിൽ 41കാരിക്കും ചെന്നൈയിൽ യു. പി സ്വദേശിയായ 20കാരനുമാണ് കൊറോണ സ്ഥിരീകരിച്ചത്. വിദേശ യാത്ര ചെയ്യുകയോ രോഗികളുമായി സമ്പർക്കം പുലർത്തുകയോ ചെയ്‌തിട്ടില്ലാത്ത ഇവർക്ക് രോഗം സ്ഥിരീകരിച്ചതാണ് സാമൂഹ്യ വ്യാപനത്തെപ്പറ്റി ആശങ്കയുണ്ടാക്കുന്നത്.
മാർച്ച് 16ന് രോഗലക്ഷണങ്ങളോടെ പൂനെ ഭാരതി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട സ്‌ത്രീയുടെ നില ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇവർക്ക് വിദേശത്തുനിന്ന് വന്നവരുമായി സമ്പർക്കമുണ്ടായോ എന്ന് പരിശോധിക്കുന്നുണ്ട്. മാർച്ച് 3ന് മുംബയിൽ ഒരു വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഇന്ത്യയിൽ സമൂഹവ്യാപനം ഇല്ലെന്ന ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗൺസിലിന്റെ അവകാശവാദങ്ങൾ തള്ളുന്നതാണ് ഇവരുടെ രോഗ ബാധ.
ഡൽഹിയിൽ അഞ്ചു പേരിൽ കൂടുതൽ കൂടുന്നത് വിലക്കി.
നോയിഡയിൽ ഒരാൾക്കു കൂടി ഇന്നലെ കൊറോണ സ്ഥിരീകരിച്ചു. നേരത്തെ ഇവിടെ മൂന്നുപേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
ലഡാക്കിൽ ഒരു സൈനികൻ അടക്കം മൂന്നുപേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. പഞ്ചാബിലെ മൊഹാലിയിലും പുതിയ മൂന്നു കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഒരാൾ ബ്രിട്ടനിൽ നിന്ന് മടങ്ങിയെത്തിയതാണ്. രണ്ടുപേർ രോഗികളുമായി ബന്ധപ്പെട്ടവരുമാണ്.
കർണാടകയിൽ മൂന്നുപേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് രോഗികൾ 18ആയി.
ഗുജറാത്തിൽ സൂററ്റിലും ഗാന്ധിനഗറിലും രണ്ടുപേർക്ക് രോഗം കണ്ടെത്തി.
പശ്‌ചിമ ബംഗാളിൽ സ്‌കോട്ട്‌ലൻഡിൽ നിന്ന് തിരിച്ചെത്തിയ യുവതിക്ക് കൊറോണ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ മൂന്നാമത്തെ കേസാണിത്.
സാനിറ്റൈസർ, മാസ്‌ക് വില നിയന്ത്രണം
സാനിറ്റൈസർ, മാസ്‌ക് എന്നിവയ്‌ക്ക് കേന്ദ്രസർക്കാർ വിലനിശ്ചയിച്ചു. 200 എം.എൽ സാനിറ്റൈസറിന് നൂറു രൂപ. സർജിക്കൽ മാസ്‌കിന് എട്ടു രൂപയും (2പ്ളൈ), 10 രൂപയും (3പ്ളൈ). രണ്ടും അവശ്യസാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി.
രാജ്യത്ത് കൊറോണാ പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടണമെന്ന് സുപ്രീംകോടതിയിൽ ഹർജി.
കർണാടക ആർ.ടി.സി മുതിർന്ന പൗരൻമാർക്കുള്ള യാത്രാ ഇളവ് റദ്ദാക്കി
മഹാരാഷ്‌ട്രയിൽ സർക്കാർ ഓഫീസുകളിൽ എസി ഉപയോഗിക്കാൻ നിയന്ത്രണം
ഇറ്റലിയിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി എയർഇന്ത്യ വിമാനം ഇന്നെത്തും.
23നുശേഷം ഒരു മാസം കോടതി നടപടികൾ പൂർണമായും നിറുത്തണമെന്ന് സുപ്രീംകോടതി ബാർ അസോസിയേഷൻ ചീഫ് ജസ്റ്റിസിന് കത്തു നൽകി. ഇതിനുപകരം വേനലവധിയിലെ ഒരുമാസം പ്രവർത്തിക്കാമെന്നാണ് നിർദ്ദേശം.