ന്യൂഡൽഹി :രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതോടെ അതീവ് ജാഗ്രതയിലും ആശങ്കയിലുമാണ് രാജ്യ തലസ്ഥാനം. ഒരു ഭാഗത്ത് ഇന്ത്യാ ഗേറ്റ് അടക്കം അടച്ച് കർശന നിയമന്ത്രങ്ങളുമായി പരിശോധനകളും സർക്കാർ മുന്നോട്ട് പോകുമ്പോൾ മറുഭാഗത്ത് നിയന്ത്രണങ്ങൾ ഭക്ഷ്യക്ഷാമത്തിലേക്ക് വഴിവയ്ക്കുമെന്ന കുപ്രചരണങ്ങൾ വിശ്വസിച്ച് പച്ചക്കറിയും പലവ്യജ്ഞനങ്ങളും വാങ്ങി കൂട്ടുന്ന തിരക്കിലാണ് ജനങ്ങൾ.ചെറുകിട കടകളിലും സൂപ്പർ മാർക്കറ്റുകളിലും അടക്കം വൻ തിരക്കാണ് കഴിഞ്ഞ രണ്ട് ദിവസമായി ദൃശ്യമാകുന്നത്. ജനതാ കർഫ്യൂ പ്രഖ്യാപിച്ചിട്ടുള്ള ഇന്ന് എല്ലാവരും വീട്ടിൽ കഴിയണമെന്ന് ഡൽഹിയിൽ ഹൗസിംഗ് സൊസൈറ്റികളിലും മറ്റും പൊലീസെത്തി നിർദ്ദേശിച്ചു.
ഇനിതിനടെ ഗതാഗതം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ത്യാ ഗേറ്റ് അടച്ചു.
രോഗം തടയാൻ കർശന പ്രതിരോധനടപടികളിലാണ് ഡൽഹി സർക്കാർ. റെസ്റ്റോറന്റുകളും അവശ്യമല്ലാത്ത സർക്കാർ ഓഫീസുകളും സ്‌കൂളുകളും അടക്കം എല്ലാം അടച്ചു. ഭക്ഷണശാലകളിൽ ഇരുന്ന് കൊണ്ട് ഭക്ഷണം കഴിക്കുന്നത് വിലക്കി. പകരം പാഴ്‌സൽ കൊണ്ടുപോവുന്നതും ഡെലിവറി സർവീസുകളും തുടരും.
ഇരുപതോ അതിൽ കൂടുതലോ ആളുകൾ കൂടുന്ന ഒരു പരിപാടിയും ഇനി അനുവദിക്കില്ല. സാംസ്‌കാരിക പരിപാടികൾ, മതപരമായ ചടങ്ങുകൾ, വിദ്യാഭ്യാസ പരിപാടികൾ, സെമിനാർ, കോൺഫറൻസ് എന്നിവയ്ക്ക് ഈ നിർദേശം ബാധകമാണ്.
നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടവർ പുറത്തിറങ്ങി നടക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ ഇത്തരം ആളുകളെ സ്റ്റാംപ് ചെയ്യാൻ തുടങ്ങി. നിരീക്ഷണത്തിൽ നിന്നും രക്ഷപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.സംസ്ഥാനത്തെ എല്ലാ ബസുകളും ബസ് ടെർമിനലുകളും മെട്രോ ട്രെയിനുകളും നിത്യവും അണുവമുക്തമാക്കുന്നുണ്ട്. ബസ് ഡിപ്പോകളിൽ സ്വകാര്യ വാഹനങ്ങളും അണുവിമുക്തമാക്കുന്നുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് 6 വരെ സൗജന്യമായി ഈ സേവനം ലഭിക്കും.