ന്യൂഡൽഹി: കൊറോണ ബാധ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനികാ കപൂറിനൊപ്പം പാർട്ടിയിൽ പങ്കെടുത്ത ബി.ജെ.പി ദുഷ്യന്ത് സിംഗിന്റെ ആദ്യ പരിശോധനാ ഫലം നെഗറ്റീവ് ആയത് നേതാക്കൾക്കും പാർലമെന്റ് ജീവനക്കാർക്കും ആശ്വാസമായി. പാർട്ടിയിൽ പങ്കെടുത്ത ഇദ്ദേഹത്തിന്റെ മാതാവും മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ സിന്ധ്യയ്ക്കും ആദ്യ പരിശോധനയിൽ രോഗമില്ലെന്ന് തെളിഞ്ഞു.
ദുഷ്യന്ത് സിംഗ് കൊറോണ സ്ഥിരീകരിച്ച ബോളിവുഡ് ഗായികയ്‌ക്കൊപ്പം പാർട്ടിയിൽ പങ്കെടുത്തെന്ന വിവരം പുറത്തുവന്നതോടെ കൂടുതൽ എം.പിമാർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു. ദുഷ്യന്ത് രാജസ്ഥാനിലെയും യു.പിയിലെയും എം.പിമാർക്കൊപ്പം രാഷ്‌ട്രപതി ഭവനിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് മാർച്ച് 18ന് നടത്തിയ പ്രഭാത വിരുന്നിൽ പങ്കെടുത്തതും ആശങ്ക പരത്തി. തുടർന്ന് രാംനാഥ് കോവിന്ദ് ഔദ്യോഗിക പരിപാടികൾ റദ്ദാക്കുകയും പരിശോധനയ്‌ക്ക് വിധേയനാകുകയും ചെയ്‌തു. ദുഷ്യന്ത് സിംഗ് കഴിഞ്ഞ ദിവസം പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്തത് പാർലമെന്റ് ജീവനക്കാരും പരിഭ്രാന്തിയിലാക്കി. തൃണമൂൽ എംപി ഡെറിക് ഒബ്രയ്‌ൻ, അപ‌്‌നാദൾ എം.പി അനുപ്രിയാ പട്ടേൽ, പാർലമെന്റ് സ്‌റ്റാന്റിംഗ് കമ്മിറ്റി യോഗത്തിൽ ഒന്നിച്ച് പങ്കെടുത്ത ശിവസേനാ എം.പി കൃപാൽ തുമാനെ തുടങ്ങിയവർ മുൻകരുതലെന്ന നിലയിൽ സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചു.
കനികാ കപൂറിനെതിരെ കേസ്
കൊറോണ ബാധിതയായ ബോളിവുഡ് ഗായിക കനികാ കപൂറിനെതിരെ രോഗം പടർത്താൻ ശ്രമിച്ചതിന് ലക്‌നൗ പൊലീസ് കേസെടുത്തു. വി.ഐ.പികൾ ഉൾപ്പെട്ട പാർട്ടിയിലും രണ്ട് വിനോദ പരിപാടികളിലും ഗായിക പങ്കെടുത്തിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ലക് നൗ ചീഫ് മെഡിക്കൽ ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.