ന്യൂഡൽഹി:ജനതാ കർഫ്യൂവിനിടെയും സമരം തുടർന്ന ഷഹീൻ ബാഗിലെ സമരപ്പന്തലിന് നേരെ പെട്രോൾ ബോംബേറ്. ഇന്നലെ രാവിലെ 9.30നാണ് സമരപന്തലിന് സമീപമുള്ള പൊലീസ് ബാരിക്കേഡിനടുത്ത് പെട്രോൾ ബോംബ് വീണത്. ആർക്കും പരിക്കില്ല. സംശയകരമായ സാഹചര്യത്തിൽ ബൈക്കിൽ കണ്ട രണ്ടുപേരാണ് ഇതിന് പിന്നിലെന്ന് കരുതുന്നതായി പൊലീസ് അറിയിച്ചു.
പെട്രോൾ ബോംബുകളിൽ ചിലത് പൊലീസ് കണ്ടെടുത്തു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സമരം നിറുത്തിവയ്ക്കണമെന്ന് പൊലിസും ഡൽഹി സർക്കാറും ആവശ്യപ്പെട്ടിരുന്നെങ്കിലും സമരക്കാർ തയ്യാറായിരുന്നില്ല.ഈ സാഹചര്യത്തിൽ കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ സമരക്കാരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിലും ഡൽഹി ഹൈക്കോടതിയിലുമുള്ള ഹർജികൾ ഇന്ന് പരിഗണിക്കും.
ജാമിയമിലിയിലും ബോംബേറ്
ഷഹീൻ ബാഗിലെ പെട്രോൾ ബോംബെറിന് പിന്നാലെ ജാമിയമിലിയ ഇസ്ലാമിയ സർവകലാശാലയിലെ സമരപന്തലിന് നേരെയും പെട്രോൾ ബോംബേറുണ്ടായി. ഏഴാം നമ്പർ ഗേറ്റിന് നേരെയാണ് ബോംബെറിഞ്ഞത്. ആർക്കും പരിക്കില്ല. ബൈക്കിൽ ഡെലിവറി ബോയിയുടെ വേഷത്തിലെത്തിയയാളാണ് ബോംബെറിഞ്ഞതെന്നാണ് റിപ്പോർട്ട്.