ന്യൂഡൽഹി: കൊറോണയുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ മാർച്ച് 31വരെ അവശ്യസർവീസുകളൊഴികെ സമ്പൂർണ അടച്ചപൂട്ടൽ ഡൽഹി സർക്കാർ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ലെഫ്.ഗവർണർ അനിൽ ബൈജാലും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്. ഡൽഹിയിൽ 27 പേർക്കാണ് കൊറോണ ബാധ. 21 പേർ വിദേശത്തുനിന്ന് വന്നവരാണ്. ആറ് പേർക്ക് പ്രാദേശികമായി പകർന്നതാണ്.
ഇന്ന് രാവിലെ 6 മുതലാണ് അടച്ചുപൂട്ടൽ. ഡൽഹി മെട്രോ പൂർണമായും അടച്ചു. ഡി.ടി.സി ബസുകളിൽ 25 ശതമാനം മാത്രം നിരത്തിലിറക്കും. സ്വകാര്യബസുകൾ, ഓട്ടോകൾ, ഇ-റിക്ഷകൾ തുടങ്ങി പൊതുഗതാഗത സർവീസുകൾ തടഞ്ഞു. അതിർത്തികൾ അടച്ചിട്ടു. മറ്റു സംസ്ഥാനങ്ങളിലെ വാഹനങ്ങൾ തടയും.
ആഭ്യന്തര വിമാന സർവീസുകൾക്കും 31 വരെ നിയന്ത്രണമുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തി. അന്തർ സംസ്ഥാന ബസ് സർവീസിന് വിലക്ക്. ഫാക്ടറികൾ തുറക്കരുത്.
മാളുകൾ,സിനിമാ ഹാളുകൾ, ജിമ്മുകൾ, സ്വിമ്മിംഗ് പൂളുകൾ തുടങ്ങിയവ പ്രവർത്തിപ്പിക്കരുത്.
ഡൽഹി പൊലീസ് 144 പ്രകാരം അഞ്ചു പേരിലധികം കൂടുന്നതും പ്രതിഷേധങ്ങളും ധർണയും മതപരിപാടികളും തടഞ്ഞിട്ടുണ്ട്. പഴം പച്ചക്കറി, അവശ്യസാധന മാർക്കറ്റുകൾക്ക് ഇളവുണ്ട്.
ഫയർ സർവീസസ്, ഇലക്ട്രിസിറ്രി ഓഫീസുകൾ,എ.ടി.എം, ജല അതോറിറ്റി, പലചരക്ക് കട, മെഡിക്കൽ ഷോപ്പുകൾ, പെട്രോൾ പമ്പുകൾ, മാദ്ധ്യമങ്ങൾ തുടങ്ങിയ അടിയന്തരസർവീസുകൾ ഒഴിവാക്കി. സ്വകാര്യ സ്ഥാപനങ്ങൾ അടച്ചു. ജീവനക്കാരെ ഡ്യൂട്ടിയിലായി കണക്കാക്കും. ഈ കാലയളവിൽ കമ്പനികൾ ശമ്പളം നൽകണം.