supreme-court

ന്യൂഡൽഹി:കൊറോണ പടരുന്ന സാഹചര്യത്തിൽ സുപ്രീം കോടതി ഭാഗികമായി അടച്ചു. അടിയന്തര പ്രാധാന്യമുള്ള ഹർജികളിൽ വീഡിയോ കോൺഫറൻസിലൂടെ വാദം കേൾക്കും.

ചീഫ് ജസ്റ്റിസ് എസ്.എൽ ബോബ്‌ഡെ അദ്ധ്യക്ഷനായ ബഞ്ച് മാത്രമാണ് ഇന്നലെ ചേർന്നത്. കോടതി നടപടികൾ ആരംഭിച്ചയുടൻ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയാണ് കോടതി അടച്ചിടണമെന്ന ആവശ്യം ഉന്നയിച്ചത്.കൊറോണയുടെ പശ്ചാത്തലത്തിൽ ഹർജിക്കാർക്കും അഭിഭാഷകർക്കും കോടതിയിലേക്ക് വരാൻ കഴിയാത്ത അവസ്ഥയാണെന്നും ദവെ അറിയിച്ചു. ഇതോടെയാണ് ഇന്ന് മുതൽ സുപ്രീംകോടതി അടച്ചിടുന്നുവെന്ന് ചീഫ് ജസ്റ്റിസ് പ്രഖ്യാപിച്ചത്. സുപ്രീംകോടതി കെട്ടിടം ഇനി ആഴ്ചയിൽ ഒരിക്കലേ തുറക്കൂ. ജഡ്ജിമാരും അഭിഭാഷകരും വീടുകളിൽ തുടരണം. കോടതി കോമ്പൗണ്ടിൽ പ്രവേശിക്കാൻ പാടില്ല. അത്യാവശ്യ കേസുകൾ രജിസ്ട്രാറെ അറിയിച്ചാൽ വീഡിയോ കോൺഫറൻസിംഗ് വഴി ജഡ്ജിമാർ വാദം കേൾക്കും. ഇതിന്റെ ട്രയൽ റണ്ണും ഇന്നലെ കോടതിയിൽ നടന്നു.

ലോയേഴ്‌സ് ചേംബർ ഇന്നലെ അണുവിമുക്തമാക്കിയശേഷം വൈകിട്ട് 5 മണിയോടെ അടച്ച് സീൽ ചെയ്തു. . ഏപ്രിൽ നാല് വരെ കോടതിയിൽ ഹാജരാകേണ്ടെന്ന് സുപ്രീംകോടതി അഡ്വക്കേറ്റ് ഓൺ റിക്കോഡ് അസോസിയേഷൻ തീരുമാനിച്ചിരുന്നു.

ഡൽഹി ഹൈക്കോടതിക്ക്

ഏപ്രിൽ നാല് വരെ അവധി

ഡൽഹി ഹൈക്കോടതിയും പാട്യാല കോടതി അടക്കമുള്ള ഡൽഹിയിലെ വിചാരണ, കോടതികളും ഏപ്രിൽ നാല് വരെ അടച്ചിടും... കോടതിമുറികൾ അണുവിമുക്തമാക്കി പൂട്ടിയിടണം. ഇനിയൊരു അറിയിപ്പുണ്ടാകും വരെ തുറക്കില്ലെന്നും രജിസട്രാർ പറഞ്ഞു...