parliament

+ധനബിൽ ചർച്ച കൂടാതെ പാസാക്കി,,കൊറോണ പ്രതിരോധപ്രവർത്തകർക്ക് അഭിനന്ദനം

ന്യൂഡൽഹി: രാജ്യത്തെ കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ബഡ്ജറ്റ് സമ്മേളനം വെട്ടിക്കുറച്ച് പാർലമെൻറിൻറെ ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ഏപ്രിൽ മൂന്ന് വരെയുള്ള സമ്മേളനം വെട്ടിക്കുറയ്ക്കണമെന്ന് പ്രതിപക്ഷം തുടർച്ചയായി ആവശ്യപ്പെട്ടിരുന്നു.

കൊറോണ വ്യാപനം തടയാൻ ശ്രമം നടത്തുന്ന ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ളവരെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനതാകർഫ്യൂ നിർദ്ദേശത്തെ ഒറ്റക്കെട്ടായി പിന്തുണച്ച ജനങ്ങളെയും പാർലമെൻറ് അഭിനന്ദിച്ചു. ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം എം.പിമാർ എഴുന്നേറ്റ് നിന്ന് കൈയടിച്ചും രാജ്യസഭയിൽ അംഗങ്ങൾ ഡസ്കിലടിച്ച് ശബ്ദമുണ്ടാക്കിയുമാണ് അഭിനന്ദനം അർപ്പിച്ചത്. കൊറോണ വ്യാപനം തടയാൻ സാമൂഹിക അകലം പാലിക്കണമെന്ന് സ്പീക്കർ ഓം ബിർള പറഞ്ഞു.സർക്കാരിന്റ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടത് അനിവാര്യമാണെന്ന് രാജ്യസഭാ ചെയർമാൻ എം.വെങ്കയ്യനായിഡു പറഞ്ഞു. കൊറോണ ബാധിത ജില്ലകൾക്ക് സാമ്പത്തിക സഹായം നൽകണമെന്ന് സി.പി.എമ്മിലെ കെ.കെ രാഗേഷ് ആവശ്യപ്പെട്ടു.

കൊറോണയുടെ പശ്ചാത്തലത്തിൽ സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് ലോക്സഭയിൽ പ്രതിപക്ഷം ബഹളമുണ്ടാക്കി. പാവപ്പെട്ടവർക്കും അസംഘടിത മേഖലയിലുള്ളവർക്കും സഹായകമാകുന്ന നിലയിൽ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് കക്ഷി നേതാവ് അധീർരഞ്ജൻ ചൗധരി ആവശ്യപ്പെട്ടു. ഈ ആവശ്യത്തെ ഡി.എം.കെയിലെ ടി.ആർ ബാലു ഉൾപ്പെടെയുള്ള മറ്റുപ്രതിപക്ഷാംഗങ്ങളും പിന്തുണച്ചു.

ധനബിൽ ലോക്സഭ ചർച്ച കൂടാതെ പാസാക്കി. വിശദ ചർച്ച കൂടാതെ ബിൽ പാസാക്കുന്നതിൽ എൻ.കെ പ്രേമചന്ദ്രൻ എതിർപ്പുന്നയിച്ചു. മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതി ചുങ്കം അഞ്ചിൽ നിന്ന് ഒരു ശതമാനമായി കുറയ്ക്കണമെന്ന പ്രേമചന്ദ്രന്റെ പ്രമേയം സഭ ശബ്ദവോട്ടോടെ തള്ളി.