ന്യൂഡൽഹി :കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് 31 വരെ ഡൽഹിയിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ നിശ്ചലമായി രാജ്യതലസ്ഥാനം. മെട്രോ സർവീസുകൾ പൂർണമായും ബസ് സർവീസുകൾ ഭാഗികമായും തടഞ്ഞതോടെ ഡൽഹിയിൽ ജനജീവിതം സ്തംഭിച്ച അവസ്ഥയാണ്.
സ്വകാര്യ ടാക്‌സികളോ ആട്ടോറിക്ഷകളോ സർവീസ് നടത്തുന്നില്ല.ലോക്ക് ഡൗൺ പ്രഖ്യാപനവും കൊറോണ ഭീതിയും കാരണം ജനങ്ങൾ പുറത്തിറങ്ങുന്നില്ല. 5 പേരിൽ കൂടുതൽ കൂട്ടംകൂടിയാൽ നിരോധനാജ്ഞ പ്രകാരം നടപടി സ്വീകരിക്കുമെന്നതിനാൽ നിരത്തുകൾ വിജനമാണ്. സ്വകാര്യ വാഹനങ്ങളും സർവീസ് നടത്തുന്നില്ല.അവശ്യ സർവിസ് മേഖലയിലുള്ളവർക്കായി ഡൽഹി ട്രാൻസ്‌പോർട്ട് കോർപറേഷന്റെ 25 ശതമാനം ബസുകൾ മാത്രമാണുള്ളത്.
കടകളും മറ്റ് വ്യാപാര കേന്ദ്രങ്ങളുമെല്ലാം അടച്ചിട്ടിരിക്കുകയാണ്. മെഡിക്കൽ ഷോപ്പുകളും ചില സൂപ്പർമാർക്കറ്റുകളും മാത്രമാണ് തുറന്നിട്ടുള്ളത്. ഫാക്ടറികൾ, വർക്‌ഷോപ്പുകൾ, ഓഫീസുകൾ, ഗോഡൗണുകൾ, ആഴ്ചച്ചന്തകൾ എന്നിവ പൂർണമായും അടച്ചു. ഹരിയാന, ഉത്തർപ്രദേശ് തുടങ്ങി ഡൽഹിയിലെ എല്ലാ അതിർത്തികളും അടച്ചിട്ടതോടെ ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി തലസ്ഥാനത്തെത്തിയവർ ഡൽഹിയിൽ കുടുങ്ങി. സുപ്രീംകോടതി അടക്കമുള്ള കോടതികളും മറ്റ് സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചതോടെ കടുത്ത നിയന്ത്രണങ്ങളിലൂടെയാണ് ഡൽഹി കടന്നുപോകുന്നത്.ഡൽഹിയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത ആറ് കൊറോണ കേസുകളും പ്രാദേശിക വ്യാപനത്തിലൂടെയാണ്.