ന്യൂഡൽഹി: കൊറോണ അതിവേഗം വ്യാപിക്കുന്നത് കണക്കിലെടുത്ത് രാജ്യത്ത് പൂർണമായ അടച്ചിടൽ ഉറപ്പാക്കാനും നിർദ്ദേശം അവഗണിക്കുന്നവർക്കെതിരെ നിയമ നടപടിയെടുക്കാനും സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. കേരളം ഉൾപ്പെടെ 21 സംസ്ഥാനങ്ങൾ ഇതിനകം അടച്ചു കഴിഞ്ഞു.
അതിനിടെ കൊൽക്കത്തയിൽ ഒരാൾ കൂടി മരിച്ചതോടെ രാജ്യത്ത് കൊറോണ മരണം എട്ടായി. എല്ലാവരുടെയും രക്ഷ ഓർത്ത് നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു.
കൊൽക്കത്തയിലെ ഡംഡം സ്വദേശിയായ 57കാരനാണ് ഇന്നലെ മരിച്ചത്. വിദേശ യാത്ര നടത്താതെ രോഗം ബാധിച്ചതിനാൽ സമൂഹവ്യാപനമാണെന്ന സൂചനയുണ്ട്. ഇയാളുടെ മകനൊപ്പം ഇറ്റലിയിൽ പോയെന്നാണ് ആദ്യം കരുതിയത്. എന്നാൽ കുടുംബം ഇക്കാര്യം നിഷേധിച്ചു. ശ്വാസംമുട്ടൽ മൂർച്‌ഛിച്ചാണ് മരണം സംഭവിച്ചത്.
സംസ്ഥാനങ്ങൾ അതിർത്തികളിലും നഗരങ്ങളിലും കർശനമായ അടച്ചുപൂട്ടൽ നടപ്പാക്കണം. നിർദ്ദേശം ലംഘിക്കുന്നവർക്ക് ആറുമാസം തടവു ശിക്ഷയോ ആയിരം രൂപ പിഴയോ നൽകാനും കേന്ദ്രം നിർദ്ദേശിച്ചു.
കേന്ദ്ര കാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോൺഫറൻസ് വഴി തയ്യാറെടുപ്പുകൾ വിലയിരുത്തി.
ഡൽഹിയിൽ അടക്കം കടകൾ തുറക്കാത്തതും പൊതുഗതാഗ സംവിധാനം നിലച്ചതും ദീർഘദൂര യാത്രക്കാരെ വലച്ചു. അവശ്യ സർവീസുകളിൽ പ്രവർത്തിക്കുന്നവർക്കായി 50 ശതമാനം ബസുകൾ ഓടിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു.
തെലങ്കാനയിൽ ജനങ്ങൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി. കാറുകളിൽ രണ്ടുപേരും ഇരുചക്രവാഹനങ്ങളിൽ ഒരാളും മാത്രമേ സഞ്ചരിക്കാവൂ. രാത്രി ഏഴിനും രാവിലെ ആറിനുമിടയിൽ പുറത്തിറങ്ങാൻ പാടില്ല.
അടച്ചിട്ട സംസ്ഥാനങ്ങൾ
കേരളം, മഹാരാഷ്‌ട്ര, തമിഴ്നാട്, അസാം, പഞ്ചാബ്, ജാർഖണ്ഡ്, നാഗാലാൻഡ്, ബീഹാർ, ഹരിയാന, ഹിമാചൽ പ്രദേശ്, ലഡാക്ക്, മണിപ്പൂർ, ഗുജറാത്ത്, ജമ്മുകാശ്‌മീർ, കർണാടക, യു.പി, പശ്‌ചിമബംഗാൾ, ത്രിപുര, ഗോവ,ഛത്തീസ്ഗഡ്. രാജ്യ തലസ്ഥാനമായ ഡൽഹി നേരത്തേ അടച്ചു.
മാദ്ധ്യമൾക്ക് നന്ദി:
പ്രധാനമന്ത്രി
ജനങ്ങളിൽ ശുഭാപ്തിവിശ്വാസം പടർത്താനും ഭീതി അകറ്റാനും മാദ്ധ്യമങ്ങളുടെ പങ്ക് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി ടിവി ചാനൽ മേധാവികളുമായി വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തി. ജീവിതത്തിലെ വലിയ പോരാട്ടമാണ് നടത്തുന്നതെന്നും മാദ്ധ്യമങ്ങൾ വഴി ജനങ്ങൾക്ക് ആവശ്യമായ ബോധവത്‌കരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രീയ റിപ്പോർട്ടുകളും വിദഗ്‌ദ്ധരുമായുള്ള അഭിമുഖങ്ങളും നൽകണം. കൊറോണ വാർത്തകൾ ജനങ്ങളിലെത്തിക്കാൻ അക്ഷീണം പ്രയത്‌നിക്കുന്ന മാദ്ധ്യമ പ്രവർത്തകരുടെ സേവനങ്ങളിൽ അദ്ദേഹം നന്ദി രേഖപ്പെടുത്തി.
വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ യാത്രാ വിലക്ക് നീങ്ങിയ ശേഷം തിരിച്ചെത്തിക്കും
ഡൽഹി എയിംസ് ഒ.പി പ്രവർത്തനം നിറുത്തി
സുപ്രീംകോടതി നടപടി വീഡിയോ കോൺഫറൻസ് വഴി
ഡൽഹി ഹൈക്കോടതിയും അടച്ചു
ഇ.പി.എഫ് പെൻഷൻ 25നകം വിതരണം ചെയ്യും