rajyasabha

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലായി ഒഴിവുള്ള 18 രാജ്യസഭാ സീറ്റുകളിലേക്ക് നാളെ നടത്താനിരുന്ന തിരഞ്ഞെടുപ്പ് കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ മാറ്റിവച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. 31ന്‌ശേഷം സാഹചര്യങ്ങൾ വിലയിരുത്തി പുതിയ തീയതി പ്രഖ്യാപിക്കും.
സാമൂഹിക അകലം പാലിക്കേണ്ടതിനാൽ എം.എൽ.എമാർ, പോളിംഗ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി ഏജന്റുമാർ തുടങ്ങി നിരവധി പേർ ഒത്തുകൂടുന്ന സാഹചര്യം ഉണ്ടാകുന്നത് ഉചിതമല്ലെന്ന് കണ്ടാണ് തീരുമാനം.
ഗുജറാത്ത്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ നാലുവീതം സീറ്റുകളിലും രാജസ്ഥാനിലും മദ്ധ്യപ്രദേശിലും മൂന്നുവീതം, ജാർഖണ്ഡിലെ രണ്ട്, മണിപ്പുർ, മേഘാലയ എന്നിവിടങ്ങളിലെ ഒന്നുവീതം സീറ്റുകളിലുമാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രാജസ്ഥാനിൽ നിന്ന് പത്രിക നൽകിയിട്ടുണ്ട്.