ന്യൂഡൽഹി: തിങ്കളാഴ്ച രാത്രി ഗവർണർ മുമ്പാകെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത
ബി.ജെ. പി നേതാവ് ശിവരാജ് സിംഗ് ചൗഹാൻ ഇന്നലെ നിയമസഭയിൽ വിശ്വാസവോട്ട് നേടി. 2003 മുതൽ 2018 വരെ മുഖ്യമന്ത്രിയായിരുന്ന ചൗഹാൻ ഇതു നാലാം തവണയാണ് ആ സ്ഥാനത്ത് എത്തുന്നത്.
ഭരണം നഷ്ടപ്പെട്ട കോൺഗ്രസിന്റെ അംഗങ്ങൾ സഭയിലെത്തിയില്ല. കമൽനാഥ് മന്ത്രിസഭയ്ക്ക് പിന്തുണ നൽകിയിരുന്ന എസ്. പി. ബി. എസ്.പി അംഗങ്ങളും സ്വതന്ത്രരും ഇന്നലെ ബി.ജെ.പിയെ പിന്തുണയ്ക്കാൻ സഭയിലുണ്ടായിരുന്നു.
ശിവരാജ് സിംഗ് ചൗഹാൻ അവതരിപ്പിച്ച വിശ്വാസപ്രമേയം ശബ്ദവോട്ടോടെയാണ് പാസാക്കിയത്. മുതിർന്ന ബി.ജെ.പി എം.എൽ.എ ജഗദിഷ് ദേവ്ദയാണ് പാനൽ സ്പീക്കറായി നടപടികൾ നിയന്ത്രിച്ചത്. വിശ്വാസവോട്ട് നേടിയതിന് പിന്നാലെ സഭ മാർച്ച് 27 വരെ പിരിഞ്ഞു.
തിങ്കളാഴ്ച രാത്രി 9 മണിയോടെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മുൻമുഖ്യമന്ത്രി കമൽനാഥ് പങ്കെടുത്തിരുന്നു.
ജ്യോതിരാദിത്യ സിന്ധ്യയുടെ പക്ഷം ചേർന്ന് കോൺഗ്രസിലെ 22 എം.എൽ.എമാർ രാജിവച്ചതോടെ ഭൂരിപക്ഷം തെളിയിക്കാൻ 104 എം.എൽ.എമാരുടെ പിന്തുണ മതി. ബി.ജെ.പിക്ക് 107 എം.എൽ.എമാരുണ്ട്. എസ്.പി, ബി.എസ്.പി, സ്വതന്ത്രർ കൂടിയായതോടെ 112 എം.എൽ.എമാരുടെ പിന്തുണ ചൗഹാൻ സർക്കാരിനുണ്ട്. ഭൂരിപക്ഷം നഷ്ടപ്പെട്ട കമൽനാഥ് സർക്കാർ മാർച്ച് 20നാണ് രാജിവച്ചത്. 2018 ഡിസംബറിലാണ് കമൽനാഥ് അധികാരമേറ്റത്.