ന്യൂഡൽഹി:ഇരുപത്തിയേഴ് സംസ്ഥാനങ്ങളിലും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനിടെ കൊറോണ ബാധിച്ച് രാജ്യത്ത് ഒരാൾ കൂടി മരിച്ചു. മഹാരാഷ്ട്രയിലെ കസ്തൂർബ ഗാന്ധി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫിലിപ്പൈൻസ് പൗരനാണ് (68) മരിച്ചത്. മാർച്ച് 3ന് വിനോദസഞ്ചാരത്തിനായി പത്തംഗ സംഘത്തൊടൊപ്പമാണ് ഇയാൾ ഡൽഹിയിലെത്തിയത്. അവിടെ നിന്ന് ഇയാൾ മുംബയിലേക്കും തിരിച്ചും സഞ്ചരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ മരണം പത്തായി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ഞൂറ് കടന്നു. 37 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 12 ഇറ്റാലിയൻ സഞ്ചാരികളും ഇവരിൽ ഉൾപ്പെടുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗം റിപ്പോർട്ട് ചെയ്‌ത മഹാരാഷ്ട്രയിൽ പുതിയ നാല് രോഗികൾ കൂടി. രോഗികളുടെ എണ്ണം 101 ആയി.
മാർച്ച് 26ന് നടക്കേണ്ടിയിരുന്ന രാജ്യ സഭാ തിരഞ്ഞെടുപ്പ് മാറ്റി
ബംഗാളിൽ കൊറോണ രോഗികൾ 9 ആയി. മുഖ്യമന്ത്രി മമത ബാനർജി 31 വരെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.
ഒഡീഷയിലും സമ്പൂർണ ലോക്ക് ഡൗൺ
# നൊയിഡയിൽ കൊറോണ ബാധിത രാജ്യങ്ങളിൽ യാത്രചെയ്യാത്ത സ്ത്രീക്ക് രോഗം സ്ഥിരീകരിച്ചു. ഇവരുടെ ഭർത്താവ് ഒരു ബ്രിട്ടീഷ് പൗരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബ്രിട്ടീഷ് പൗരനിൽ നിന്ന് രോഗം പകർന്നതായി സംശയം
കൊറോണ രോഗികളെ ചികിത്സിക്കുന്നെന്ന് ആരോപിച്ച് എയിംസ് ഡോക്ടർമാർക്ക് വീടുകളിൽ വിലക്കുമായി പരിസരവാസികൾ.
ഒരു ലക്ഷം കൊറോണ ബാധിതരെ ഒരുമിച്ച് ചികിത്സിക്കാനുള്ള സൗകര്യം ഒരുക്കി കർണാടക. സംസ്ഥാനത്ത് 38 രോഗികൾ.
#ഔദ്യോഗിക വസതി ക്വാറന്റൈൻ ക്യാമ്പാക്കാൻ സർക്കാരിന് വിട്ട് നൽകി ബിഹർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്
തമിഴ്‌നാട്ടിൽ 3,280 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി കെ. പളനിസ്വാമി.റേഷൻ കാർഡുള്ള എല്ലാവർക്കും അരി, പഞ്ചസാര, പയർ, എണ്ണ, എന്നിവ സൗജന്യമായി ലഭിക്കും. കൂടാതെ 1000 സരൂപയും. കൊറോണ രോഗികളെ മാത്രം ചികിത്സിക്കാൻ മൗണ്ട് റോഡിലെ ഒമൻദുരാർ ഗവ. മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ സജീകരണങ്ങൾ ഒരുക്കി.
ഇന്ത്യൻ ആർമി കാന്റീനുകൾ പൂട്ടി. ചരക്ക് സാധനങ്ങളും അവശ്യവസ്തുക്കളും ഹോം ഡെലിവറിയായി വീട്ടിൽ എത്തിക്കും
അടിയന്തര പ്രശ്നങ്ങളല്ലാത്ത ഹർജിയുമായി കൊറോണക്കാലത്ത് കോടതിയിലെത്തിയാൽ 50,000 രൂപ പിഴയീടാക്കാമെന്ന് ബോംബെ ഹൈക്കോടതി.
ഉത്തരാഘണ്ഡിലെ ഹൈക്കോടതി, വിചാരണക്കോടതി എന്നിവ ഏപ്രിൽ 4വരെ അടച്ചിടും.
ആന്ധ്രാപ്രദേശിൽ ലോക്ക് ഔട്ട് ലംഘിച്ച് പുറത്തിറങ്ങിയ വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു.