shaheenbagh

ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരെ നടക്കുന്ന ഷഹീൻബാഗ് സമരം കൊറോണ പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ഡൽഹി പൊലീസ് ഒഴിപ്പിച്ചു. ഡൽഹി പൂർണമായി ലോക്ഡൗൺ ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് പൊലീസ് ഭാഷ്യം.

ഇന്നലെ രാവിലെ ഏഴോടെ വൻ പൊലീസ് സന്നാഹം ഷഹീൻബാഗിലെത്തി സമരപ്പന്തൽ പൊളിച്ചു മാറ്റുകയായിരുന്നു. ഒഴിയാൻ വിസമ്മതിച്ച ആറ് സ്ത്രീകൾ അടക്കം ഒൻപത് പേരെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മൂന്നുമാസമായി അടഞ്ഞുകിടക്കുന്ന കാളിന്ദി കുഞ്ച് റോഡ് തുറന്നു.

ജാമിയ മിലിയ സർവകലാശാലയ്ക്ക് മുന്നിൽ, സീലംപൂർ, ഹൗസ്‌ റാണി, തുർക്മൻ ഗേറ്റ്, ജാഫ്രാബാദ് തുടങ്ങിയ ഇടങ്ങളിൽ ഷഹീൻബാഗിന് സമാനമായി നടത്തിവന്ന പ്രതിഷേധങ്ങളും പൊലീസ് ഒഴിപ്പിച്ചു. പ്രദേശങ്ങളിൽ പൊലീസിന്റെ കനത്ത സുരക്ഷാസന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്.

ഡൽഹിയിൽ ലോക് ഡൗൺ ആരംഭിച്ച 23 ന് പ്രതിഷേധക്കാർ സമരം തൽക്കാലത്തേക്ക് നിറുത്തിവയ്ക്കുകയാണെന്നും കൊറോണയുടെ ആശങ്കകൾ ഒഴിഞ്ഞ ശേഷം പുനരാരംഭിക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമരപ്പന്തൽ പൊലീസ് ഇന്നലെ പൊളിച്ച് മാറ്റിയത്. കൊറോണ മുന്നറിയിപ്പ് വന്നതിനെ തുടർന്ന് സമരക്കാർ ഒരു മീറ്റർ അകലത്തിൽ ഇരിക്കുന്നതടക്കമുള്ള ക്രമീകരണങ്ങൾ വരുത്തിയിരുന്നു.