india

സാമൂഹിക അകലം പാലിക്കൽ ഏക വഴി

കൊറോണയെ നേരിടാൻ 15,000 കോടി

ന്യൂഡൽഹി: കൊറോണ വ്യാപനം തടയാൻ ഇന്നലെ അർദ്ധരാത്രി 12 മുതൽ 21 ദിവസത്തേക്ക് രാജ്യം അടച്ചു പൂട്ടിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. അവശ്യസാധനങ്ങൾ ഉറപ്പാക്കും. കൊറോണയ്ക്കെതിരെ പോരാടാൻ 15,000 കോടി രൂപ വകയിരുത്തി. ഐസൊലേഷൻ വാർഡ്, ബെഡുകൾ, വെന്റിലേറ്രർ, മറ്റു സൗകര്യങ്ങൾ എന്നിവ ഒരുക്കാനാണിത്.

കൊറോണയെ ഫലപ്രദമായി നേരിടാൻ മറ്റു മാർഗങ്ങളില്ല. ഓരോ പൗരനും ഇപ്പോൾ എവിടെയാണോ അവിടെ തങ്ങണം. വീടിന് മുന്നിൽ അദൃശ്യമായ ലക്ഷ്മണരേഖയുണ്ട്. അത് മറികടക്കരുത്. വീട്ടിലിരിക്കൂവെന്ന് കൈകൂപ്പി അഭ്യർത്ഥിക്കുകയാണെന്നും ഒരാഴ്ചയ്ക്കിടെയുള്ള രണ്ടാമത്തെ അഭിസംബോധനയിൽ പ്രധാനമന്ത്രി പറഞ്ഞു.

ജനതാ കർഫ്യൂ പ്രഖ്യാപിച്ചപ്പോൾ എല്ലാവരും കൂടെനിന്നു. അതിനെക്കാൾ കർശന കർഫ്യൂവാണിത്. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ഗൗരവമായി കാണണം. ചെറിയ കുട്ടികൾ മുതൽ വയസായവർ വരെ പുറത്തിറങ്ങരുത്. സാമൂഹിക അകലം പാലിക്കുക മാത്രമാണ് ഏകവഴി. അല്ലെങ്കിൽ രാജ്യം വലിയ വില നൽകേണ്ടിവരും. കേന്ദ്ര,​ സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശം കർശനമായി പാലിക്കണം. എന്തുവന്നാലും വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്. വിദൂര ഗ്രാമങ്ങളിലുള്ളവർ മുതൽ രാജ്യത്തിന്റെ പ്രധാനമന്ത്രി വരെയുള്ളവർക്ക് ഇത് ബാധകമാണ്.

വൈറസ് ബാധയുടെ കണ്ണി മുറിക്കാൻ 21 ദിവസത്തെ ഐസൊലേഷൻ അനിവാര്യമാണ്. കാര്യക്ഷമമായി ഇത് നടപ്പാക്കിയില്ലെങ്കിൽ രാജ്യത്തെ 21 വർഷം പിന്നോട്ടടിക്കും. കൊറോണ ലോകത്ത് 67 ദിവസം കൊണ്ട് ആദ്യം ഒരു ലക്ഷം പേരെ ബാധിച്ചു. അടുത്ത ഒരു ലക്ഷം പേരെ ബാധിച്ചത് വെറും 11 ദിവസം കൊണ്ടാണ്. നാലു ദിവസം കൊണ്ടാണ് അടുത്ത ഒരു ലക്ഷം പേരെ ബാധിച്ചത്. മികച്ച ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളുള്ള ഇറ്റലിയും അമേരിക്കയും പോലും രോഗ വ്യാപനം തടയാൻ ബുദ്ധിമുട്ടുന്നു. രോഗ വ്യാപനം കുറയ്ക്കാൻ വിജയിച്ച രാജ്യങ്ങളിൽ നിന്ന് പാഠം പഠിക്കണം.

നമുക്കായി പോരാടുന്നവരെ ഓർക്കൂ

ഈ മഹാമാരിയിൽ നിന്ന് ഓരോ ജീവനും രക്ഷിക്കാൻ രാപ്പകലില്ലാതെ ജോലി ചെയ്യുന്ന ഡോക്ടർമാരെയും നഴ്സുമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും ആംബുലൻസ് ഡ്രൈവർമാരെയും ശുചീകരണ തൊഴിലാളികളെയും മാദ്ധ്യമപ്രവർത്തകരെയും പൊലീസുകാരെയും കുറിച്ച് ആലോചിക്കൂ. നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും രക്ഷിക്കാൻ പോരാടുകയാണവർ.

സ്വയം ചികിത്സിക്കരുത്

സംസ്ഥാനങ്ങൾ ആരോഗ്യ മേഖലയ്ക്ക് മുൻഗണന നൽകണം. ഡോക്ടമാരുടെ ഉപദേശം കൂടാതെ മരുന്നുകൾ കഴിക്കരുത്. തെറ്റായ ചികിത്സാരീതി ജീവൻ അപകടത്തിലാക്കും. വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത്. ജനങ്ങളുടെ സഹായത്തിനായി സ്വകാര്യമേഖല മുന്നോട്ടുവരുന്നതിൽ സന്തോഷമുണ്ട്. രാജ്യത്തെ പൗരന്മാർ ഈ പ്രതിസന്ധിയെ വിജയകരമായി മറികടക്കും- പ്രധാനമന്ത്രി പറഞ്ഞു.