ന്യൂഡൽഹി: കൊറോണ രോഗികളെ ചികിത്സിക്കുന്നെന്ന് ആരോപിച്ച് എയിംസ് അടക്കമുള്ള ആശുപത്രികളിലെ ഡോക്ടർമാരേയും നഴ്‌സുമാരെയും വീടുകളിൽ കയറാൻ സമ്മതിക്കാത്ത അയൽവാസികൾക്കെതിരെയും ഇറക്കി വിടുമെന്ന് ഭീഷണിപ്പെടുത്തുന്ന വീട്ടുടമകൾക്കെതിരെയും ക്രിമിനൽ കേസെടുക്കാൻ ജില്ലാ മജിസ്‌ട്രേട്ട്, തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ സോണൽ ഡെപ്യൂട്ടി കമ്മിഷണർ, ജില്ലാ ഡി.ജിപി എന്നിവർക്ക് ഡൽഹി ഹൈക്കോടതി നിർദേശം.
ഇത് സംബന്ധിച്ച് ദിവസവും റിപ്പോർട്ട് സമർപ്പിക്കാനും ഡൽഹി അഡി. ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
രോഗം പടരുമെന്ന് ആരോപിച്ച് അയൽവാസികളും വീട്ടുടമകളും ഭീഷണിപ്പെടുത്തുന്നുവെന്ന് ഡോക്ടർമാർ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പരാതി നൽകിയിരുന്നു. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു. ഡോക്ടർമാർക്കെതിരെയുള്ള നടപടി അപമാനകരമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. ജീവൻ രക്ഷിക്കുന്നവരാണ് ഡോക്ടർമാരെന്ന് മറക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.