ന്യൂഡൽഹി: രാജ്യത്ത് 21 ദിവസത്തെ കർഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തിൽ ; വ്യക്തികൾക്കുള്ള പ്രതിമാസ റേഷൻ ക്വാേട്ട അഞ്ച് കിലോയിൽ നിന്ന് ഏഴായി വർദ്ധിപ്പിക്കാനും ,റേഷൻ കടകൾ വഴി കിലോയ്ക്ക് രണ്ടു രൂപയ്ക്ക് ഗോതമ്പും മൂന്ന് രൂപയ്ക്ക് അരിയും വിതരണം ചെയ്യാനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി തീരുമാനിച്ചു.;
രാജ്യത്തെ 80 കോടി റേഷൻ ഉപഭോക്താക്കൾക്ക് ഇത് പ്രയോജനപ്പെടുമെന്ന് മന്ത്രിസഭാതീരുമാനങ്ങൾ അറിയിച്ച കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. കിലോയ്ക്ക് 27 രൂപ തോതിൽ എഫ്.സി.ഐ സംഭരിക്കുന്ന ഗോതമ്പാണ് രണ്ടു രൂപയ്ക്ക് വിതരണം ചെയ്യുക. മൂന്നു രൂപയ്ക്ക് നൽകുന്ന അരിക്ക് വില 37രൂപയാണ്. സംസ്ഥാനങ്ങളോട് മൂന്ന് മാസത്തേക്കുള്ള റേഷൻ മുൻകൂറായി ശേഖരിക്കാനും നിർദ്ദേശിച്ചു.ഗ്രാമങ്ങളിലും അസംഘടിത മേഖലയിലും റേഷൻ വിതരണം ഉറപ്പാക്കാൻ നടപടിയെടുക്കും. റേഷൻകടകളിൽ സമൂഹ അകലം പാലിക്കണം.
കരാർ ജീവനക്കാർക്കും
വേതനം ഉറപ്പാക്കണം
കൊറോണ ബാധയുടെ സാഹചര്യം നേരിടാൻ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകളുമായി ചേർന്നാണ് വിവിധ നടപടികൾ നടപ്പാക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരുകൾ സ്വന്തം നിലയിൽ ആവിഷ്കരിച്ച് നടപ്പാക്കുന്ന നടപടികളെ സ്വാഗതം ചെയ്യുന്നു. കർഫ്യൂ കാലത്ത് സ്ഥിരം ജീവനക്കാർക്കൊപ്പം കരാർ ജീവനക്കാർക്കും വേതനം ഉറപ്പാക്കണം. സംസ്ഥാനങ്ങൾ ജില്ലകൾ തോറും ഹെൽപ് ലൈൻ തുടങ്ങാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
മന്ത്രിസഭാ യോഗം
അകലം പാലിച്ച്
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയിൽ ചേർന്ന മന്ത്രിസഭായോഗത്തിൽ മന്ത്രിമാർ ഇരുന്നത് നിശ്ചിത അകലം പാലിച്ച്. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ കോൺഫറൻസ്ഹാളിലെ മേശയും മറ്റും ഒഴിവാക്കി അകലം പാലിച്ച് മന്ത്രിമാർ ഇരിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടു.. .