ന്യൂഡൽഹി: കൊറോണയ്ക്കെതിരായ യുദ്ധത്തിന് 21 ദിവസമെടുക്കുമെന്നും ഈ പോരാട്ടത്തിൽ ഓരോ ആളും മാതൃകയാകണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്ത് സമ്പൂർണ ലോക് ഡൗൺ പ്രഖ്യപിച്ചതിന് ശേഷമുള്ള ആദ്യ ദിവസമായ ഇന്നലെ സ്വന്തം മണ്ഡലമായ വാരണാസിയിലെ ജനങ്ങളോട് വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
മഹാഭാരത യുദ്ധം 18 ദിവസം കൊണ്ടാണ് വിജയിച്ചത്. കൊറോണ വൈറസിനെതിരായ യുദ്ധം 21 ദിവസമെടുക്കും. 21 ദിവസം കൊണ്ട് ഈ യുദ്ധം ജയിക്കാനാണ് ലക്ഷ്യമിടുന്നത്. നവരാത്രിയുടെ ആദ്യ ദിവസമാണ്. കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ ശൈലപുത്രി ദേവി രാജ്യത്തിന് ശക്തിതരട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
കൊറോണയുമായി ബന്ധപ്പെട്ട ശരിയായ വാർത്തകൾ അറിയുന്നതിന് വാട്‌സാപ്പുമായി ചേർന്ന് ഹെൽപ്പ് ലൈൻ നമ്പർ തയാറാക്കിയിട്ടുണ്ട്. 9013151515 നമ്പറിലേക്ക് നമസ്‌തേ എന്ന് ടെക്സ്റ്റ് ചെയ്താൽ ഇംഗ്ലീഷിലും ഹിന്ദിയിലും വിവരം ലഭിക്കും.
അഭ്യൂഹങ്ങൾ വിശ്വസിക്കരുത്. കൊറോണയ്ക്ക് പാവപ്പെട്ടവനോ പണക്കാരനെന്നോയില്ല. യോഗയോ വ്യായാമമോ ചെയ്താലും കൊറോണ നിങ്ങളെ ബാധിക്കാതിരിക്കില്ല. ഡോക്ടർമാരും നഴ്‌സുമാരും ദൈവങ്ങളെപോലെയാണ്.അവർ ജീവൻ രക്ഷിക്കാൻ പോരാടുന്നവരാണ്. അവരെ ബഹുമാനിക്കണം. ആരോഗ്യപ്രവർത്തകരെ അപമാനിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
അടുത്ത 21 ദിവസം കുറഞ്ഞത് 9 പാവപ്പെട്ട കുടുംബങ്ങളെയെങ്കിലും സഹായിക്കണം. നവരാത്രിയിൽ ദൈവത്തിനുള്ള ഏറ്റവും വലിയ അർച്ചന അതാകും.കൊറോണ വിഷയം കൈകാര്യം ചെയ്യുമ്പോൾ കരുണയും കാണിക്കണമെന്നും മോദി ആവശ്യപ്പെട്ടു.