ന്യൂഡൽഹി:രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. രോഗം ബാധിച്ചവരുടെ എണ്ണം 700 രടന്നു. 24 മണിക്കൂറിനുള്ളിൽ 88 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്.
പൊതുജനങ്ങളുടെ പിന്തുണ ഏറ്റവും പ്രധാനമാണെന്നും സാമൂഹിക അകലം പാലിക്കൽ നിർണായകമാണെന്നും കേന്ദ്രആരോഗ്യമന്ത്രാലയ ജോ.സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു. രാജ്യത്ത് കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം സംബന്ധിച്ച് വ്യക്തമായ ഒരു തെളിവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
--ജമ്മുകാശ്മീരിലും മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ് ഇന്നലെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഗുജറാത്തിലെ ഭാവ്‌നഗർ ജില്ലയിൽ എഴുപതുകാരനാണ് മരിച്ചത്. സംസ്ഥാനത്ത് രോഗികൾ 43 ആയി. ജമ്മുകാശ്മീരിൽ ആദ്യ കൊറോണ മരണമാണ് ഇന്നലെ റിപ്പോർട്ട് ചെയ്‌തത്. 65കാരനാണ് മരിച്ചത്. ഇയാളുമായി സമ്പർക്കം പുലർത്തിയ 48 പേരെ ക്വാറന്റൈൻ ചെയ്തു. ആകെ കേസുകൾ11 ആയി. ബീഹാറിൽ രോഗികളുടെ എണ്ണം 6 ആയി.
മഹാരാഷ്ട്രയിൽ 124 കേസുകളായി. ആൻഡമാനിലും ഒരു കേസ് റിപ്പോർട്ട് ചെയ്തു.
- മരുന്നുകൾ വീട്ടുപടിക്കിലെത്തിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി.
-സാനിറ്റൈസറുകളുടെ ആവശ്യം കുത്തനെ കൂടിയതിനാൽ ഡിസ്റ്റലറികളോടും ഷുഗർ ഫാക്ടറികളോടും സാനിസൈറുകൾ നിർമ്മിക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.
-ബംഗാളി തൊഴിലാളികൾക്ക് ഭക്ഷണം,താമസം,ചികിത്സ തുടങ്ങിയവ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരളം, തമിഴ്‌നാട്,കർണാടക,മഹാരാഷ്ട്ര, ഡൽഹി തുടങ്ങി 18 സംസ്ഥാനമുഖ്യമന്ത്രിമാർക്ക് മമത ബാനർജി കത്തയച്ചു.
-തെരുവിൽകഴിയുന്നവർക്കടക്കം ഭക്ഷണം ലഭ്യമാക്കാൻ ഡൽഹി സർക്കാർ ഹംഗർ ഹെൽപ്പ് ലൈൻ തുടങ്ങി
-ഡൽഹി മെട്രോ ട്രെയിൻ ഏപ്രിൽ 14 വരെ ഓടില്ല
-ഗോഹട്ടിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ താത്കാലിക ഐസലൊഷേൻ കേന്ദ്രങ്ങളുടെ നിർമ്മാണം ആരംഭിച്ചു. അസമിൽ ഇതുവരെ പോസിറ്റീവ് കേസുകളില്ല.
-300 പേരെ വരെ ഉൾക്കൊള്ളാവുന്ന 9 ക്വാറന്റൈൻ കേന്ദ്രങ്ങൾ രാജ്യത്തെ വിവിധയിടങ്ങളിൽ ഇന്ത്യൻ വ്യോമസേന ആരംഭിച്ചു. ബാംഗ്ലൂർ എയർഫോഴ്‌സ് കമാൻഡ് ഹോസ്പിറ്റലിൽ വ്യോമസേനയുടെ ആദ്യ കൊറോണ പരിശോധന ലാബ് ആരംഭിച്ചു
-സമ്പൂർണ ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച 1200 പേർക്കെതിരെ തമിഴ്‌നാട് പൊലീസ് കേസെടുത്തു.
-ബീഹാറിൽ പാവപ്പെട്ടവരെ സഹായിക്കാനായി സംസ്ഥാനസർക്കാർ 100 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു.
-തെലുങ്കാന ഏപ്രിൽ 16 വരെ ലോക്ഡൗൺ നീട്ടി.