corona

ന്യൂഡൽഹി: സൗദി അറേബ്യയിൽ നിന്ന് മടങ്ങിയെത്തിയ സ്‌ത്രീയെ പരിശോധിച്ച ഡൽഹി മൊഹല്ലാ ക്ളിനിക്കിലെ ഡോക്‌ടർക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് 800ഓളം രോഗികളെ നിരീക്ഷണത്തിലാക്കി. ഡോക്ടറുടെ ഭാര്യയ്ക്കും മകൾക്കും കൊറോണ പോസിറ്രീവ് ആണ്. ഡൽഹിയിൽ ഇതുവരെ 36 പേർക്ക് അസുഖം സ്ഥിരീകരിച്ചു.

ഡോക്‌ടർക്ക് അസുഖം ബാധിച്ചതിന്റെ പേരിൽ സംസ്ഥാനത്തെ മൊഹല്ലാ ക്ളിനിക്കുകൾ അടച്ചിടുമെന്ന വാർത്ത ശരിയല്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു. വടക്കു കിഴക്കൻ ഡൽഹിയിലെ മൗജ്‌പുരിലാണ് ഡോക്‌ടർക്ക് അസുഖം സ്ഥിരീകരിച്ചത്. ഡോക്‌ടർ ജോലി ചെയ്യുന്ന മൊഹല്ലാ ക്ളിനിക്കിൽ മാർച്ച് 12നും 18നും ഇടയിൽ എത്തിയ രോഗികളെയാണ് നിരീക്ഷണത്തിലാക്കിയത്.

ഇന്നലെ ഡൽഹി ലെഫ്‌റ്റനന്റ് ഗവണർ അനിൽ ബൈജാലും മുഖ്യമന്ത്രി കേജ്‌രിവാളും യോഗം ചേർന്ന് അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ സബ്ഡിവിഷൻ മജിസ്ട്രേട്ടുമാർക്കും അസിസ്റ്റന്റ് പൊലീസ് കമ്മിഷണർമാർക്കും നിർദ്ദേശം നൽകി. കടയുടമ തയ്യാറാണെങ്കിൽ രാത്രിയും തുറന്ന് പ്രവർത്തിക്കാം. തിരക്ക് കുറയ്ക്കാനും സമൂഹ അകലം പാലിക്കാനുമാണിത്.

ലോക്ക് ഡൗണിനെ തുടർന്ന് ഡൽഹിയിൽ വീടുകളിൽ അറ്റകുറ്റപ്പണിക്ക് ആളെ കിട്ടാതായതോടെ വീട്ടുവേലക്കാർ, ഇലക്ട്രീഷ്യൻമാർ, എ.സി മെക്കാനിക്കുമാർ, പ്ളംബർമാർ, ലിഫ്‌റ്റ് മെക്കാനിക്കുകൾ,വാഹനം നന്നാക്കുന്നവർ, ഐ.ടി വിദഗ്‌ദ്ധർ തുടങ്ങിയവരെ തടയരുതെന്ന് പൊലീസിന് നിർദ്ദേശം നൽകി. ഓൺലൈനിൽ അപേക്ഷിച്ചാൽ ഇവർക്ക് തിരിച്ചറിയൽ കാർഡ് നൽകും.

ഓൺലൈൻ ഡെലിവറിക്ക്

പൊലീസ് പിന്തുണ

ഓൺലൈൻ ഡെലിവറിക്കാരെ തടയുന്നതും കൈയേറ്റം ചെയ്യുന്നതും ശിക്ഷാർഹമാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു. പല ഹൗസിംഗ് സൊസൈറ്റികളിലും ഓൺലൈൻ ഡെലിവറി അനുവദിക്കുന്നില്ല. തുടർന്ന് ചില ഓൺലൈൻ വ്യാപാര സൈറ്റുകൾ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ചിലയിടങ്ങളിൽ സാധനങ്ങൾ കൊണ്ടുവന്നവർ കൈയേറ്റത്തിന് ഇരയായതും കണക്കിലെടുത്താണ് പൊലീസ് ഇടപെടൽ.

ശ്രീനഗറിൽ മരിച്ചയാൾ

ഡൽഹിയിലുമെത്തി

ജമ്മു കാശ്‌മീരിലെ ആദ്യ കൊറോണ മരണത്തെ ചൊല്ലി ഡൽഹിയിലും പരിഭ്രാന്തി. ഇന്നലെ മരിച്ച മതപ്രചാരകനായ 65കാരൻ ഡൽഹിയിലെ വിവിധ പള്ളികൾ സന്ദർശിച്ചിരുന്നു. യു.പിയിലെ ദർഗകളിലും മറ്റും കറങ്ങിയ ശേഷം 16ന് ശ്രീനഗറിന് സമീപമുള്ള ഹൈദർപോരയിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ ഗ്രാമത്തിന്റെ അതിർത്തി പൂർണമായി അടച്ചു.