ന്യൂഡൽഹി: കൊറോണ രോഗബാധ സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധി നേരിടാൻ അഞ്ച് ലക്ഷം കോടി ഡോളറിന്റെ പാക്കേജ് നടപ്പാക്കാൻ സൗദി അദ്ധ്യക്ഷത വഹിക്കുന്ന ജി 20 രാജ്യങ്ങളുടെ വെർച്വൽ ഉച്ചകോടി പ്രമേയം പാസാക്കി. കൊറോണയെ ചെറുക്കാനുള്ള യുദ്ധം ലോകം ഒറ്റക്കെട്ടായി നേരിടുമെന്ന് നേതാക്കൾ പറഞ്ഞു.
രോഗബാധ മൂലം പ്രതിസന്ധിയിലായ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരെയും വൻകിട -ചെറുകിട ബിസിനസുകാരെയും സംരക്ഷിക്കാനാണ് സാമ്പത്തിക പാക്കേജെന്ന് നേതാക്കൾ സംയുക്തമായി പാസാക്കിയ പ്രമേയത്തിൽ പറയുന്നു. ലോകാരോഗ്യ സംഘടന, ലോക ബാങ്ക്, അന്താരാഷ്‌ട്ര നാണയ നിധി എന്നിവയുമായി ചേർന്ന് ലോക രാജ്യങ്ങൾക്ക് എല്ലാ പിന്തുണയും നൽകും.
കൊറോണയുടെ പശ്‌ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള നേതാക്കൾ തങ്ങളുടെ രാജ്യത്തിരുന്ന് വീഡിയോ കോൺഫറൻസ് വഴിയാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. ഇന്ത്യ മുൻകൈയെടുത്ത് നടത്തിയ സാർക്ക് വീഡിയോ കോൺഫറൻസ് ജി 20 ഉച്ചകോടിയിലും നടപ്പാക്കുകയായിരുന്നു.
സൗദിയിലെ സൽമാൻ രാജാവ് അദ്ധ്യക്ഷത വഹിച്ച ഉച്ചകോടിയിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുട്ടിൻ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമ്മൻ ചാൻസലർ ആഞ്ജല മെർക്കൽ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തുടങ്ങിയവരും സംസാരിച്ചു.