സംസ്ഥാനങ്ങളിൽ സുക്ഷ്മ നിരീക്ഷണം വേണം
ന്യൂഡൽഹി: കൊറോണ വ്യാപനം തടയുന്നതിന് ജനുവരി 18 മുതൽ മാർച്ച് 23 വരെ വിദേശത്തു നിന്ന് ഇന്ത്യയിലെത്തിയവരെ നിരീക്ഷിക്കുന്നത് ശക്തമാക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ഈ കാലയലളവിൽ 15 ലക്ഷത്തിലധികം പേരാണ് രാജ്യത്ത് എത്തിയത്. ഇതുവരെ നിരീക്ഷണത്തിന് വിധേയരാക്കപ്പെട്ടവരും വന്നവരും തമ്മിലുള്ള കണക്കിൽ അന്തരമുണ്ട്. അതിനാൽ ജനുവരി 18 മുതൽ എത്തിയവരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് കൊറോണ പ്രതിരോധത്തിന് അനിവാര്യമാണെന്നും കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ വ്യക്തമാക്കി.
വിദേശത്ത് നിന്നെത്തിയവരെ നിരീക്ഷിക്കുന്നതിൽ വീഴ്ച വന്നാൽ കൊറോണ പ്രതിരോധ നടപടികളെല്ലാം അട്ടിമറിക്കപ്പെടും. ഇന്ത്യയിൽ കൊറോണ സ്ഥിരീകരിച്ചവരിൽ മിക്കവരും വിദേശത്ത് യാത്ര ചെയ്ത് ചരിത്രമുള്ളവരാണെന്നും കേന്ദ്രം വ്യക്തമാക്കി.
രാജ്യത്ത് കൊറോണ
മരണം 17
ഇന്ത്യയിൽ ഇന്നലെ വരെ കൊറോണ മരണം 17ആയി. രോഗ ബാധിതരുടെ എണ്ണം 724 ആയും ഉയർന്നു. ഇതിൽ 47 പേർ വിദേശികളാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 75 പുതിയ കേസുകൾ റിപ്പോർ്ട്ട് ചെയ്തു
-10,000 വെന്റിലേറ്ററുകൾ ലഭ്യമാക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. രണ്ടുമാസത്തിനുള്ളിൽ 30,000 വെന്റിലേറ്ററുകൾ നിർമ്മിക്കാൻ ഭെല്ലിന് നിർദ്ദേശം നൽകി
-പരിശോധനാ സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി 35 സ്വകാര്യ ലാബുകൾക്കു കൂടി കൊറോണ ടെസ്റ്റിന് ഐ.സി.എം.ആർ അനുമതി നൽകി
ഡൽഹിയിൽ 6, കർണാടക 2,മഹാരാഷ്ട്ര 9, ഗുജറാത്ത് 4,ഹരിയാന 3,തമിഴ്നാട് 4,തെലുങ്കാന 5, പശ്ചിമബംഗാൾ 1 എന്നിങ്ങനെയാണ് അനുമതി ലഭിച്ച ലാബുകളുടെ എണ്ണം
-വീട്ടിൽ ഐസൊലേറ്റ് ചെയ്തവരെ നിരീക്ഷിക്കാനായി ഗുജറാത്ത് സർക്കാർ ആപ്പ് പുറത്തിറക്കി
-ലക്നൗവിൽ ഇന്നലെ 6 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആകെ എണ്ണം 49 ആയി
-ഒഡിഷയിലെ മൂന്നാമത്തെ കൊറോണ ബാധിതൻ നിയമസഭ സന്ദർശിച്ച പശ്ചാത്തലത്തിൽ സഭയിലെ 250 ജീവനക്കാരെയും വീട്ടിൽ നിരീക്ഷണത്തിലാക്കി
-ഡൽഹിയിൽ 39 പോസിറ്റീവ് കേസുകളായി
കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം നമുക്ക് വൈകിപ്പിക്കാനായി. എന്നാൽ ഒരാൾ വിചാരിച്ചാൽ പോലും ലോക്ക് ഡൗൺ ലക്ഷ്യങ്ങൾ അട്ടിമറിക്കപ്പെടും
ലവ് അഗർവാൾ,
കേന്ദ്ര ആരോഗ്യ ജോ.സെക്രട്ടറി