ന്യൂഡൽഹി: ലോക്ക്ഡൗൺ കാലത്തും രാവിലെയുള്ള വ്യായാമം മുടക്കാൻ രാജ്യസഭാ എം.പിയും ബി.ജെ.പി നേതാവുമായ അൽഫോൺസ് കണ്ണന്താനം തയ്യാറല്ല. ലോധി ഗാർഡന് സമീപമുള്ള വീടിന്റെ പിറകിലെ കപ്പകൃഷിയിൽ ഭാര്യയെ സഹായിക്കുന്നു. ബാക്കി സമയം വീട് വൃത്തിയാക്കൽ. പിന്നെ വായന.. ഇതാണ് ഇപ്പോഴത്തെ ദിനചര്യ.
സഹമന്ത്രിയായിരുന്നപ്പോൾ ലഭിച്ച മന്ത്രിമന്ദിരത്തിന് ചുറ്റും വാക്കിംഗ് ട്രാക്കുണ്ട്. ചിലപ്പോൾ നടത്തം തൊട്ടടുത്ത ലോധി ഗാർഡനിലേക്കും നീളും. അവിടത്തെ അരയന്നങ്ങൾക്കുള്ള ഭക്ഷണവും കൈയിൽ കരുതും. ഒരു മണിക്കൂർ നീളുന്ന വ്യായാമത്തിന് ശേഷം ടിവിയിൽ വാർത്ത കേൾക്കും.
വീടിനോട് ചേർന്നാണ് ഓഫീസ്. അവിടെയിരുന്ന് അവശ്യം ജോലികൾ ചെയ്തു തീർക്കും. അൽഫോൺസും എ.കെ.ആന്റണിയുടെ ഭാര്യ എലിസബത്തുമെല്ലാം അംഗമായ ഡിസ്ട്രസ് മാനേജ്മെന്റ് കളക്ടീവ് എന്ന സംഘടനയുടെ ഏകോപന പ്രവർത്തനങ്ങളും കാര്യമായി നടക്കുന്നുണ്ട്.
ഇതിനിടയിൽ വായനയും നടക്കുന്നുണ്ട്. വായിച്ചതു തന്നെ വീണ്ടും വായിക്കും. മണിമല സ്വദേശിയായ 15കാരൻ ആദിത് ടോംഅലക്സ് എഴുതിയ ദ ഷ്രൗഡ് ഒഫ് ദ ഡെവിൾ ആണ് ഇന്നലെ വായിച്ചത്. ഹരാരിയുടെ സാപ്പിയൻസ് കഴിഞ്ഞ ദിവസം ഒരാവർത്തി കൂടി വായിച്ചു.