ന്യൂഡൽഹി: രാജ്യം സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഒരു മുറിയിലേക്കൊതുങ്ങേണ്ടിവന്നെങ്കിലും വീഡിയോ, ഓഡിയോ കോൺഫറൻസിലൂടെയും മൊബൈൽ ഫോണിലൂടെയും നേതാക്കളുമായും പ്രവർത്തകരുമായും ബന്ധപ്പെട്ട് രാഷ്ട്രീയ പ്രവർത്തനം സജീവമാക്കുകയാണ് സി.പി.ഐ നേതാവും ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ ആനിരാജ.
ഡൽഹിയിലെ റഫി മാർഗിലെ വി.പി ഹൗസിലെ 310ാം നമ്പർ മുറിയിൽ ഭർത്താവും സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജയും ഫോണിലൂടെയാണ് സംഘടനാപ്രവർത്തനം നടത്തുന്നത്. മകൾ അപരാജിത ഹോസ്റ്റലിലാണ്. ആനിരാജയുടെ സഹോദരനും സി.പി.ഐ കണ്ണൂർ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ കെ.ടി. ജോസും മകളും ലോക്ക് ഡൗണിൽ കുടുങ്ങി ഒപ്പമുണ്ട്.അടുത്തൊന്നും കടകളില്ലാത്തതിനാൽ സാധനങ്ങൾ കിട്ടാൻ പ്രയാസമായിരുന്നു. സുഹൃത്തുകളും സഖാക്കളുമാണ് സഹായിച്ചത്. ഒരു സുഹൃത്ത് കൊടുത്തയച്ച അരി കഴിഞ്ഞദിവസം കിട്ടി. കലാപ പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കലാപ മേഖലകളിൽ ക്യാമ്പുകളിൽ കുറച്ചുപേരുണ്ട്. അവിടെ റേഷനും മറ്റും ഉറപ്പാക്കലും സാമൂഹിക അകലം പാലിക്കൽ ചെയ്യാനുള്ള കാര്യങ്ങൾ ഏർപ്പെടുത്താനും ശ്രമിക്കുന്നുണ്ട്.