ന്യൂഡൽഹി: കാബൂളിൽ 25പേരുടെ മരണത്തിനിടയാക്കിയ സിക്ക് ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി മുഹമ്മദ് മുഹ്‌സിൻ ആണെന്ന വെളിപ്പെടുത്തലിന്റെ സത്യാവസ്ഥ അന്വേഷിച്ച് കേന്ദ്ര ഇന്റലിജൻസ് ഏജൻസികളും റായും. ഐസിസിൽ ചേർന്ന ഇയാൾ കഴിഞ്ഞ ജൂണിൽ ഒരു ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നായിരുന്നു ദേശീയ അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.

ആക്രമണം നടത്തിയ നാലംഗ ചാവേർ സംഘത്തെ നയിച്ച അബു ഖാലിദ് അൽ ഹിന്ദി എന്നയാളുടെ ചിത്രം ഐസിസ് അനുഭാവമുള്ള അൽ നബ എന്ന മാസിക പ്രസിദ്ധീകരിച്ചിരുന്നു. ചിത്രത്തിന് മുഹ്‌സിനുമായി സാമ്യമുണ്ട്. പേരിനൊപ്പമുള്ള ഹിന്ദി എന്ന വാക്കും ചേർത്തു വായിച്ചാണ് അക്രമി ഇന്ത്യക്കാരനാണെന്നും കാസർഗോഡ് സ്വദേശിയാണെന്നുമുള്ള നിഗനമത്തിൽ എത്തിയത്.

കേരള പൊലീസും എൻ.ഐ.എയും 2016ൽ രജിസ്‌റ്റർ ചെയ്‌ത കേസ് പ്രകാരം അഫ്‌ഗാനിസ്ഥാനിലെ നൻഗർ പ്രവിശ്യയിലെ ഐസിസ് യൂണിറ്റിൽ ചേരാൻ കാസർഗോഡ്, പാലക്കാട് ജില്ലകളിൽ നിന്ന് പോയ 21 അംഗ സംഘത്തിലെ ഒരാളാണ് മുഹ്‌സിൻ. ഇവരെ ഐസിസിൽ ചേർത്ത എൻജിനീയറിംഗ് ബിരുദധാരിയായ റഷീദ് അബ്‌ദുള്ള രണ്ട് വർഷം മുൻപ് കൊല്ലപ്പെട്ടിരുന്നു. അഫ്‌ഗാനിസ്ഥാനിലേക്കുള്ള യാത്രാ മദ്ധ്യേ 2016 ആഗസ്‌റ്റ് ഒന്നിന് ന്യൂഡൽഹി വിമാനത്താവളത്തിൽ അറസ്‌റ്റിലായ ബീഹാർ സ്വദേശി യെസ‌്‌മീൻ എന്ന വനിതയിൽ നിന്നാണ് കേരളത്തിലെ റിക്രൂട്ടിംഗ് വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്.

ഗൾഫിലെ ജോലിക്കിടെയാണ് മുഹ്സിൻ ഐസിസിലേക്ക് ആകർഷിക്കപ്പെട്ടതെന്ന് കരുതുന്നു. ഐസിസിൽ അംഗമായ ശേഷം ഇയാൾ നാട്ടിൽ എത്തിയിരുന്നു. നാറ്റോയും അഫ്‌ഗാൻ സേനയും സംയുക്തമായി നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ഐസിസ് ചാവേറുകളിൽ കേരളത്തിൽ നിന്നുള്ളവരും ഉൾപ്പെട്ടെന്ന നിഗമനത്തിലായിരുന്നു എൻ.ഐ.എ.

തെറ്റായ വിവരങ്ങൾ നൽകി ഐസിസ് അന്വേഷകരെ കബളിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പറയപ്പെടുന്നു.