ന്യൂഡൽഹി: കൊറോണ ബാധിതർ ചികിത്സയിൽ കഴിയുന്ന പൂനെയിലെ നായിഡു ആശുപത്രിയിലെ നഴ്സായ ഛായ ജഗ്താപിന്റെ ഫോണിലേക്ക് വെള്ളിയാഴ്ച അപ്രതീക്ഷിതമായൊരു കാളെത്തി. അങ്ങേത്തലയ്‌ക്കൽ പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണയെന്ന മഹാമാരിയെ ചെറുത്തുതോൽപ്പിക്കാൻ കർമരംഗത്തുള്ള നഴ്സുമാർക്കുള്ള ആദരവറിയിച്ചുള്ള പ്രധാനമന്ത്രിയുടെ ഫോൺ കാളാണ് ഛായയെ തേടിയെത്തിയത്.
മറാത്തിയിൽ പതിനഞ്ച് മിനിറ്റോളം സംസാരിച്ചു.
ഛായയുടെ സുഖവിവരങ്ങൾ അന്വേഷിച്ച പ്രധാനമന്ത്രി, കുടുംബത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും എങ്ങനെയാണ് ആത്മസമർപ്പണത്തോടെ കൊറോണ രോഗികളെ പരിചരിക്കുന്നതെന്ന് ചോദിച്ചു.
'അതേ, എന്റെ കുടുംബത്തെ കുറിച്ച് എനിക്ക് ആശങ്കയുണ്ട്. പക്ഷേ ഈ സമയത്ത് രോഗികളെ പരിചരിക്കുകയെന്നതാണ് കടമ.' - ഛായ പറഞ്ഞു. 'ആശുപത്രിയിലുള്ള രോഗികൾ ഭയത്തിലാണോ'- മോദി ആരാഞ്ഞു.
'അവരുമായി എപ്പോഴും സംസാരിക്കാറുണ്ട്. പേടിക്കേണ്ട കാര്യമില്ലെന്നും മോശമായതൊന്നും സംഭവിക്കില്ലെന്നും അവരുടെ പരിശോധനാഫലം നെഗറ്റീവാകുമെന്ന് പറയാറുണ്ട്. ഏഴുപേർ കൊറോണ ഭേദമായി ആശുപത്രി വിട്ടു.'- ഛായ പറഞ്ഞു.
'വിവിധ ആശുപത്രികളിൽ വിശ്രമമില്ലാതെ സേവനം ചെയ്യുന്ന ലക്ഷക്കണക്കിന് ജീവനക്കാർക്ക് എന്തു സന്ദേശമാണ് നൽകാനുള്ളത്?'
'ഭയപ്പെടേണ്ടതില്ല, ഈ രോഗത്തെ നമ്മൾ തുരത്തിയോടിക്കും. നമ്മൾ വിജയിക്കും. ഇതാണ് നമ്മുടെ മുദ്രാവാക്യം. ' - ഛായ മറുപടി നൽകി.
'ഛായയുടെ സേവനങ്ങൾക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. നിങ്ങളെപ്പോലെ രാജ്യത്തൊട്ടാകെയുള്ള ആശുപത്രികളിൽ ലക്ഷക്കണക്കിന് നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ, ഡോക്ടർമാർ തുടങ്ങിയവർ കർമം തപസ്യയാക്കി രോഗികളെ പരിചരിക്കുകയാണ് ഇപ്പോൾ. ഞാൻ അവരെ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ അനുഭവം കേൾക്കാനിടയായതിൽ അതിയായ സന്തോഷമുണ്ട്.'- പ്രധാനമന്ത്രി പറഞ്ഞു.
'ഞാൻ എന്റെ ചുമതലയാണ് നിർവഹിക്കുന്നത്. പക്ഷേ താങ്കൾ രാവും പകലുമില്ലാതെ രാജ്യത്തെ സേവിക്കുകയാണ്. ഞങ്ങളാണ് നന്ദി പറയേണ്ടതെന്ന്' ഛായ മറുപടിയേകി.