ന്യൂഡൽഹി:കൊറോണ വൈറസിനെതിരായ യുദ്ധത്തിന് ഇന്ത്യൻ റെയിൽവേ ട്രെയിനുകളിലെ കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കി മാറ്റുന്നു. നൂറുകണക്കിന് ട്രെയിനുകളിലായി നാല് ലക്ഷത്തോളം ക്വാറന്റൈൻ കിടക്കകൾ സജ്ജീകരിക്കും.
രോഗം സമൂഹ വ്യാപനത്തിലേക്ക് കടന്നാൽ ഗ്രാമങ്ങളടക്കമുള്ള വിദൂര ദേശങ്ങളിൽ ആരോഗ്യരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. ഐസൊലേഷൻ ബെഡുകളുള്ള ട്രെയിനുകൾ ഏത് വിദൂര ദേശത്തും ഓടിച്ചെത്തിക്കാൻ കഴിയും.
ഇതുസംബന്ധിച്ച നിർദ്ദേശം റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ റെയിൽവേ ബോർഡ് ചെയർമാൻ വി.കെ യാദവുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ നൽകി.
ഡൽഹിയിലെ കോച്ചിംഗ് ഡിപ്പോയിലെ കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കി മാറ്റിക്കഴിഞ്ഞു. കപൂർത്തല റെയിൽവേ കോച്ച് ഫാക്ടറിയിൽ ഇനി കോച്ചുകളെ ഐസൊലേഷൻ വാർഡുകൾ ആക്കാനുള്ള പ്രവർത്തനങ്ങളാകും നടക്കുക. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി വെന്റിലേറ്ററുകൾ നിർമ്മിക്കും.
റെയിൽവേയിലെ എല്ലാ ഡിവിഷനുകളും ഐസൊലേഷൻ ബെഡുകൾ സ്ഥാപിക്കാനുള്ള കെട്ടിടങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐ.ആർ.സി.ടി.സി.) രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ആശുപത്രികളിലും ഭക്ഷണം വിളമ്പുന്നതിനടക്കം മുന്നിലുണ്ട്.
#രാജ്യത്തെ ആകെ ട്രെയിനുകളിലായി 11,519 എ.സി. കോച്ചുകളും 34,017 നോൺ എ.സി കോച്ചുകളുമുണ്ട്.ഒരു കോച്ചിനെ ഒൻപത് കാബിനുകളായി തിരിക്കും. ഇതിന് പുറമേ ചെയർ കാറുകളും ഐസോലേഷൻ വാർഡാക്കി മാറ്റും