ന്യൂഡൽഹി: തൊഴിലും വാസസ്ഥലവും നഷ്ടപ്പെട്ട്, ഭക്ഷണമില്ലാതെ ലക്ഷക്കണക്കിന് ദരിദ്ര കുടിയേറ്റക്കാർ ബസുകളിൽ കുത്തിഞെരുങ്ങിയും കാൽനടയായും പലായനം ചെയ്യുന്ന കരളലിയിക്കുന്ന കാഴ്ചകൾ അവസാനിക്കുന്നില്ല...
നിർമ്മാണ തൊഴിലാളികൾ, വീട്ടു ജോലിക്കാർ, ചെറുകിട രംഗങ്ങളിൽ പണിയെടുക്കുന്നവർ തുടങ്ങി നിത്യവേതനക്കാരാണിവർ. രാജ്യത്ത് 21 ദിവസം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ തൊഴിൽ നഷ്ടമായി. വരുമാനം നിലച്ചു. ഭക്ഷണവും ലഭിക്കാതായതോടെ പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടങ്ങിയ സംഘങ്ങൾ പൊരിവെയിലത്തും രാത്രിയിലും കാൽനട യാത്ര തുടരുകയാണ്.
സ്വന്തം വീട്ടിലെത്താനാണ് ഈ കഷ്ടപ്പാട്.
കൊറോണ രോഗത്തിന്റെ കാഠിന്യമോ അതു പകരാനുള്ള സാദ്ധ്യതയോ ഇവരെ അലട്ടുന്നില്ല. എങ്ങനെയും നാട്ടിലെത്തിയാൽ മതി. സാമൂഹിക അകലമെന്നതൊന്നും ഇവിടെ വിലപ്പോകുന്നില്ല. വിവിധ സന്നദ്ധ സംഘടനകളുടെയും ആരാധനാലയങ്ങളുടെയും നേതൃത്വത്തിൽ നൽകുന്ന ഭക്ഷണം മാത്രമാണ് ഏക ആശ്വാസം. അതും എല്ലാവർക്കും കിട്ടുന്നില്ല. കുടിവെള്ളവുമില്ല. യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയുള്ള ഇതര സംസ്ഥാനത്തൊഴിലാളികളുടെ പലായനം കൊറോണ രോഗവ്യാപനത്തിന്റെ തോത് വർദ്ധിപ്പിക്കുമെന്ന ആശങ്കയിൽ ഇവരെ ക്യാമ്പുകളിൽ പാർപ്പിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു.
രാജ്യതലസ്ഥാനത്ത് ഡൽഹി - യു.പി അതിർത്തിയായ ഗാസിയാബാദിലേക്കും അനന്ത് വിഹാർ ബസ് സ്റ്റാൻഡിലേക്കും ജനങ്ങളുടെ ഒഴുക്കാണ്. ആദ്യ ദിവസം ഉത്തർപ്രദേശ് സർക്കാർ ഡൽഹി അതിർത്തികളിൽ ബസുകളെത്തിച്ച് തങ്ങളുടെ ആയിരത്തോളം തൊഴിലാളികളെ തിരികെ നാട്ടിലേക്ക് കൊണ്ട് പോയി. ഇന്നലെ ബിഹാറിൽ നിന്നും മുപ്പതോളം ബസുകൾ ഡൽഹി അതിർത്തിയിലെത്തി. ഹരിയാനയിലെ തൊഴിലാളികളിൽ ഭൂരിഭാഗവും കിലോമീറ്ററുകൾ നടന്ന് സ്വന്തം ഗ്രാമങ്ങളിലേക്ക് പോയി.
ഇതിനിടെ ഇന്നലെ രാജസ്ഥാനിൽ നിന്ന് ഗുജറാത്തിലേക്ക് കൂട്ടമായി പാലായനം ചെയ്യവേ റെയിൽവേ പാതയ്ക്ക് സമീപത്ത് കൂടി നടന്ന് പോകുകയായിരുന്ന രണ്ട് തൊഴിലാളികൾ വാപിയ്‌ക്ക് സമീപം വച്ച് ചരക്ക് ട്രെയിനിടിച്ച് മരിച്ചു. കാൽനടയായി സ്വന്തം നാട്ടിലേക്ക് മടങ്ങിയ മദ്ധ്യപ്രദേശ് സ്വദേശിയായ യുവാവ് കുഴഞ്ഞു വീണ് മരിച്ചു.
പശ്ചിമ ബംഗാൾ, ബിഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിലേയും ഇതര സംസ്ഥാന തൊഴിലാളികൾ പലായനത്തിലാണ്. തെരുവിൽ ഉറങ്ങുന്ന തൊഴിലാളികളുടെ കുട്ടികൾക്ക് സ്കൂളുകളിൽ താത്കാലിക താമസസൗകര്യമൊരുക്കണെന്ന് സർക്കാരുകളോട് ദേശീയ ബാലാവകാശ കമ്മിഷൻ അറിയിച്ചു.