up

ന്യൂഡൽഹി: `നിങ്ങൾ കണ്ണുകൾ അടയ്ക്കൂ. കുട്ടികളുടെ കണ്ണുകളും പൊത്തിപ്പിടിക്കൂ? ´സുരക്ഷാ സ്യൂട്ടുകൾ ധരിച്ച ആരോഗ്യവകുപ്പ് അധികൃതരുടെ നിർദ്ദേശത്തിന് പിന്നാലെ ,മഴ പെയ്യുന്ന കണക്കെ കെമിക്കൽ ലായനി. പ്രയോഗം.ഉത്തർപ്രദേശിലെ ബറേലിയിൽ അന്യ സംസ്ഥാന തൊഴിലാളികളെ കൊറോണ വിമുക്തരാക്കാൻ കൂട്ടമായി റോഡിലിരുത്തി കെമിക്കൽ ലായനി തളിച്ച നടപടി വിവാദത്തിൽ.

ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ ഡൽഹി അതിർത്തിയിൽ നിന്നടക്കം യു.പി സർക്കാരിന്റെ ബസിൽ സ്വന്തം നാട്ടിലെത്തിച്ച തൊഴിലാളികളെയാണ് ആരോഗ്യവിഭാഗം അധികൃതർ പൊതുനിരത്തിലിരുത്തി കെമിക്കൽ ലായനിയിൽ കുളിപ്പിച്ചത്.ഇതിന് ശേഷമാണ് അവരുടെ ഗ്രാമത്തിലേക്ക് കടക്കാൻ അനുവദിച്ചത്.വലിയ പൈപ്പുകളിൽ സാനിറ്റൈസർ സ്‌പ്രേ ചെയ്തത് മൂലം സ്ത്രീകളും കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായെന്നാണ് പരാതി. ഇവരുടെ ബാഗുകൾ അടക്കമായിരുന്നു കൂട്ട സാനിറ്റൈസേഷൻ.

സംഭവം വിവാദമായതോടെ, ക്ലോറിൻ വെള്ളത്തിലാണ് കുളിപ്പിച്ചതെന്നും റോഡിലിരുന്നവരോട് കണ്ണും ചെവിയും പൊത്തിപ്പിടിക്കാൻ ആവശ്യപ്പെട്ടെന്നുമുള്ള വിശദീകരണവുമായി ആരോഗ്യവകുപ്പ് അധികൃതർ രംഗത്തെത്തി. ബസുകളിലെത്തിയ കുടിയേറ്റ തൊഴിലാളികളെ സുരക്ഷിതരാക്കുകയായിരുന്നു ലക്ഷ്യമെന്ന് ബറേലിയിലെ നോഡൽ ഓഫീസർ അശോക് ഗൗതം പറഞ്ഞു. എന്നാൽ, ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ബറേലി ജില്ലാ മജിസ്‌ട്രേട്ട് അറിയിച്ചു.