modi-yoga

ന്യൂഡൽഹി: രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ താൻ ശാരീരിക ക്ഷമത നിലനിറുത്തുന്നത് യോഗ അഭ്യസിച്ചാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഒപ്പം പ്രധാനമന്ത്രിയുടെ യൂട്യൂബ് ചാനലായ 'യോഗ വിത്ത് മോദി" യിലെ 3 ഡി അനിമേഷൻ വീഡിയോകളും മോദി പങ്കുവച്ചു.

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്തിൽ" ലോക്ക്ഡൗൺക്കാലത്ത് ശാരീരികക്ഷമത നില നിറുത്തുന്നതെങ്ങനെയെന്ന് ഒരാൾ ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് മോദി വീഡിയോ പങ്കുവച്ചത്.

'ഞാൻ ഒരു ഫിറ്റ്‌നസ് വിദഗ്ദ്ധനോ മെഡിക്കൽ വിദഗ്ദ്ധനോ അല്ല. യോഗ പരിശീലിക്കുന്നത് വർഷങ്ങളായി എന്റെ ജീവിതത്തിലെ അവിഭാജ്യ ഘടകമാണ്. അത് പ്രയോജനകരമാണെന്ന് ഞാൻ കണ്ടെത്തി. നിങ്ങളിൽ പലർക്കും ആരോഗ്യത്തോടെ തുടരാൻ മറ്റ് വഴികളുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. അവയും മറ്റുള്ളവരുമായി പങ്കിടുക. ഈ വീഡിയോ പങ്കുവയ്ക്കുന്നതിലൂടെ നിങ്ങളും യോഗ പരിശീലിക്കുന്നത് പതിവാക്കുമെന്ന് പ്രതീക്ഷിക്കുന്നു.'- മോദി ട്വീറ്റ് ചെയ്തു.

മലയാളം, ഹിന്ദി, ഫ്രഞ്ച്, ജാപ്പനീസ്, ജർമൻ, ഇറ്റാലിയൻ ഉൾപ്പെടെ 24 ഭാഷകളിൽ യോഗ പരിശീലന വീഡിയോകൾ കാണാം. സൂര്യനമസ്‌കാരം, ധ്യാനം, അർദ്ധ ചക്രാസനം, ഭദ്രാസനം തുടങ്ങിയ പതിനേഴ് പരിശീലനങ്ങളാണുള്ളത്. കഴിഞ്ഞ അന്താരാഷ്ട്ര യോഗ ദിനത്തിലും പ്രധാനമന്ത്രി ഇതേ വീഡിയോകൾ പങ്കുവച്ചിരുന്നു.