raj

ന്യൂഡൽഹി: ആകെ സമ്പാദ്യമായ ഉടുതുണികൾ പഴകിയ ബാഗിൽ കുത്തിക്കയറ്റി വിജരാമും ബൻവാരിയും നടന്നുതീർത്തത് 4 സംസ്ഥാനങ്ങൾ. 2,000 കിലോമീറ്റർ ദൂരം.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസം ബംഗളൂരുവിലെ നിർമ്മാണ സൈറ്റിൽ നിന്ന് നടത്തം തുടങ്ങിയതാണ്. ലക്ഷ്യം രാജസ്ഥാനിലെ ജോദ്പൂരിലുള്ള സ്വന്തം ഗ്രാമം. കർണാടകം, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലൂടെ നടന്ന് അഞ്ചു ദിവസം കൊണ്ട് ഗ്രാമത്തിലെത്തി. ബംഗളൂരു - മുംബയ് ഹൈവേയിലൂടെ നാല് ദിവസം രാപകലില്ലാതെ നടന്നാണ് ഇരുവരും മുംബയിലെത്തിയത്. അവിടെ നിന്ന് മുംബയ് അഹമ്മദാബാദ് ഹൈവേ പിടിച്ച് രാജസ്ഥാനിലേക്ക്. അടച്ചിട്ട അതിർത്തികളിൽ ഇതിനിടെ പല പ്രാവശ്യം പൊലീസ് തടഞ്ഞു. നാട്ടിലെത്തിയാൽ റൊട്ടിയെങ്കിലും കഴിച്ച് ജീവൻ നിലനിറുത്താമല്ലോ എന്ന യാചനയിൽ പൊലീസ് അതിർത്തി കടത്തിവിടുകയായിരുന്നു. നടത്തത്തിനിടെ നീരുവന്ന് കാലുകൾ വീങ്ങി. പാതങ്ങൾ വിണ്ടുകീറി. എങ്കിലും ഗ്രാമത്തിലെത്താൻ കഴിഞ്ഞല്ലോ എന്നുള്ള ആശ്വാസമാണ് ഇരുവർക്കും.

ലോക് ഡൗൺ പ്രഖ്യാപനത്തിന്റെ ആശങ്കയിൽ രാജ്യത്താകമാനം നടന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ കൂട്ടപലായനത്തിന്റെ ഒരു ദൃശ്യം മാത്രമാണിത്. വഴിയിൽ കുഴഞ്ഞുവീണവരും തിരികെ നടക്കേണ്ടിവന്നരും പതിനായിരങ്ങളാണ്. ഇരുപതിലേറെപ്പേരാണ് വഴിയിൽ മരിച്ചുവീണത്.