corona-death

ന്യൂഡൽഹി: ഡൽഹി നിസാമുദ്ദീനിൽ മാർച്ച് 13 മുതൽ 15 വരെ നടന്ന തബ് ലീഗ്-ഇ-ജമാഅത്ത് മതസമ്മേളനത്തിൽ പങ്കെടുത്ത ആറു പേർ കൊറോണ ബാധിച്ച് മരിച്ചതായി തെലങ്കാന സർക്കാർ അറിയിച്ചു. ഈ സമ്മേളനത്തിൽ പങ്കെടുത്ത പുരോഹിതൻ ശ്രീനഗറിലും മരിച്ചിട്ടുണ്ട്.

സമ്മേളനത്തിൽ പങ്കെടുത്ത 200ൽ അധികം പേരെ കൊറോണ ലക്ഷണങ്ങളോടെ ഡൽഹിയിൽ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് തെലങ്കാന സർക്കാർ മരണ വിവരം പുറത്തുവിട്ടത്. രണ്ടു പേർ തെലങ്കാന ഗാന്ധി ആശുപത്രിയിലും അപ്പോളോ, ഗ്ലോബൽ, നിസാമാബാദ്, ഗഡ്‌വാൾ എന്നീ ആശുപത്രികളിലായി ഓരോരുത്തർ വീതവും മരിച്ചെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. സമ്മേളനത്തിൽ പങ്കെടുത്തവരെല്ലാം ആരോഗ്യ വകുപ്പിനെ ബന്ധപ്പെടണമെന്നും പരിശോധനയും ചികിത്സയും സൗജന്യമായി നൽകുമെന്നും തെലങ്കാന സർക്കാർ വ്യക്തമാക്കി. പ്രദേശത്ത് സമൂഹ വ്യാപന ആശങ്ക ശക്തമായതോടെ കൊറോണ വ്യാപനം തടയാൻ നിസാമുദ്ദീൻ പള്ളി, ദർഗ എന്നിവയോട് ചേർന്നുള്ള പ്രദേശം ഡൽഹി പൊലീസ് അടച്ചിട്ടുണ്ട്. മതസമ്മേളനം നടത്തിയ പുരോഹിതിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി പൊലീസ് ലോക് ഡൗൺ നിരീക്ഷണം ശക്തമാക്കി. ഇന്തോനേഷ്യ, സൗദി അറേബ്യ, മലേഷ്യ, കിർഗിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുടക്കമുള്ള പ്രതിനിധികൾ ഉൾപ്പെടെ രണ്ടായിരത്തോളം പേർ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. പങ്കെടുത്തവരിൽ ചിലർ സ്വന്തം സംസ്ഥാനങ്ങളിലേക്ക് പോയി. മറ്റു ചിലർക്ക് ലോക് ഡൗൺ പ്രഖ്യാപനം വന്നതോടെ നിസാമുദ്ദീനിൽ തന്നെ തങ്ങേണ്ടിവന്നുവെന്നുമാണ് റിപ്പോർട്ടുകൾ.